മഹാരാഷ്ട്രയിലെ ബി.ജെ.പി - ശിവസേന സഖ്യം തകര്‍ത്തത് അമിത് ഷാ: രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധികാരം പങ്കിടാന്‍ ശിവസേനയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അമിത് ഷാ, നരേന്ദ്രമോദിയെ അറിയിച്ചില്ലെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

അധികാരം പങ്കുവെയ്ക്കുന്നതിനെ കുറിച്ച് താക്കറെയുമായി നടത്തിയ രഹസ്യക്കരാറിനെ കുറിച്ച് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കാത്തതും റാവത്ത് നിശിതമായി വിമര്‍ശിച്ചു.

“എല്ലാ തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും നരേന്ദ്രമോദി പറഞ്ഞത് ഫഡ്നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. അതേസമയം ഉദ്ധവ് താക്കറെ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നാണ്. എന്തുകൊണ്ട് അമിത് ഷാ അപ്പോള്‍ നിശ്ശബ്ദനായി? ഇപ്പോള്‍ അദ്ദേഹം പറയുന്നത് മറ്റൊന്നാണ്”- സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.

മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാമെന്ന് അമിത് ഷാ സമ്മതിച്ചിരുന്നുവെന്ന ഉദ്ധവ് താക്കറെയുടെ പരാമര്‍ശം അമിത് ഷാ തള്ളിയതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. 50:50 ഫോര്‍മുലയെ കുറിച്ച് അമിത് ഷാ മോദിയെ അറിയിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.

Read more

രഹസ്യ ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങളെല്ലാം ശിവസേന പരസ്യമാക്കിയെന്ന അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.