കശ്മീരില്‍ ടെലിവിഷന്‍ താരത്തെ കൊലപ്പെടുത്തിയ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരില്‍ ടെലിവിഷന്‍ താരത്തിന്റെ കൊലയാളികളായ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന. പുല്‍വാമ, ശ്രീനഗര്‍ ജില്ലകളിലായി നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് വധിച്ചത്. ഇതില്‍ രണ്ടു പേര്‍ ടെലിവിഷന്‍ താരമായ അമ്രീന്‍ ഭട്ടിന്റെ കൊലയാളികളാണെന്നും ഐജി വിജയ് കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ ലഷ്‌കറെ തൊയ്ബ തീവ്രവാദ സംഘടനയില്‍ ഉള്ളവരാണ്. വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമ ജില്ലയിലെ അവന്തിപോറ മേഖലയിലെ അഗന്‍ഹാന്‍സിപോറ പ്രദേശത്തായിരുന്നു ഭീകരരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍.

കഴിഞ്ഞ ബുധനാഴ്ചയാണ് ബുദ്ഗാം ജില്ലയില്‍ ടിവി താരമായ അമ്രീന്‍ ഭട്ടിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. 35 വയസായിരുന്നു. അമ്രീന്‍ ഭട്ടിന്റെ കൂടെയുണ്ടായിരുന്ന ബന്ധുവായ പത്തു വയസുകാരനും പരിക്കേറ്റിരുന്നു. അമ്രീന്‍ ഭട്ടിന്റെ വീട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് ഭീകരര്‍ അമ്രീന്റെ വീട്ടിലേക്ക് വരുകയായിരുന്നു.

വെടിയേറ്റ അമ്രീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴുത്തില്‍ വെടിയുണ്ടയേറ്റ നിലയാലായിരുന്നു അമ്രീനെ ആശുപത്രിയില്‍ എത്തിച്ചത്. പത്തുവയസുകാരന് കയ്യിലാണ് വെടിയേറ്റത്.