ആർട്ടിക്കിൾ 370-ന്റെ റദ്ദാക്കൽ ചരിത്രപരമായ ചുവടുവെയ്പ്പ്: കരസേനാ മേധാവി എം. എം നരവാനെ

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ ചുവടുവെയ്പ്പാണെന്നും ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സമന്വയിപ്പിക്കാൻ സഹായിക്കുമെന്നും കരസേനാ മേധാവി ജനറൽ എം എം നരവാനെ പറഞ്ഞു. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രം റദ്ദാക്കിയിരുന്നു.

“ആർട്ടിക്കിൾ 370-ന്റെ റദ്ദാക്കൽ ചരിത്രപരമായ ചുവടുവെയ്പ്പാണ് നമ്മുടെ പടിഞ്ഞാറൻ അയൽക്കാർ (പാകിസ്ഥാൻ) നടത്തിയിരുന്ന നിഴല്‍യുദ്ധത്തെ അത് തടസ്സപ്പെടുത്തി. ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സമന്വയിപ്പിക്കാൻ ഇത് സഹായിക്കും,” 72-ാമത് കരസേന ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിൽ ജനറൽ എം എം നരവാനെ പറഞ്ഞു.

സായുധ സേനയ്ക്ക് തീവ്രവാദത്തിനെതിരെ സഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ പ്രതിരോധിക്കാൻ അതിനു നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അവ ഉപയോഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.