ശാസ്ത്രം കള്ളം പറയില്ല, മോദി പറയും; കോവിഡ് മരണക്കണക്കില്‍ കേന്ദ്രത്തിന് എതിരെ രാഹുല്‍ ഗാന്ധി

കോവിഡ് മൂലം ഇന്ത്യയില്‍ 47 ലക്ഷം പേര്‍ മരിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് മരണ കണക്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണ്. ശാസ്ത്രം കള്ളം പറയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്ത് 47 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ 4.8 ലക്ഷം പേരല്ല മരിച്ചത്. ശാസ്ത്രം കള്ളം പറയില്ല, എന്നാല്‍ മോദി പറയുമെന്നുമായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്. മരിച്ചവരുടെ കുടുംബത്തെ ബഹുമാനിക്കണമെന്നും അവര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ലോകാരോഗ്യ സംഘടനയുടേത് കളളക്കണക്കാണെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി. കോവിഡ് സ്ഥിതിവിവരക്കണക്ക് സൂക്ഷിക്കുന്ന സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം മേധാവി ഡോ.എന്‍.കെ അറോറ ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് യുക്തിസഹമല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ലോകാരോഗ്. സംഘടനയുടെ പഠനരീതി ശരിയല്ലെന്നും ഇന്ത്യയുടെ എതിര്‍പ്പ് പരിഗണിക്കാതെയാണ് അധികമരണം സംബന്ധിച്ച കണക്കുകള്‍ സംഘടന പുറത്തുവിട്ടതെന്നും കേന്ദ്രം പറഞ്ഞിരുന്നു.