ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ സാദ്ധ്യതയുണ്ട്; പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരായ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം

പൗരത്വ നിയമത്തെ  ചോദ്യം ചെയ്തു കൊണ്ട്‌  ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിയില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് തുഷാര്‍ മെഹ്ത ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. നിയമത്തെ ചോദ്യം ചെയ്തുകൊണ്ട്‌ സുപ്രീം കോടതിയുടെ മുമ്പാകെ മാത്രം അറുപതോളം ഹര്‍ജികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതിയെ ചോദ്യംചെയ്തുകൊണ്ട്‌ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഹര്‍ജി സ്വീകരിക്കാതിരിക്കാന്‍ സുപ്രീം കോടതി ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹര്‍ജി സ്വീകരിച്ചത്.

സുപ്രീം കോടതിയിലെ ഹര്‍ജികള്‍ ജനുവരി മൂന്നാം ആഴ്ചയാണ് പരിഗണിക്കുക. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് നോട്ടീസ് അയച്ചിരുന്നു.