ടാറ്റ ചെയര്‍മാനായി സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം; ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി 

സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി പുനര്‍നിയമിച്ച ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ടാറ്റാ സണ്‍സിന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സൈറസ് മിസ്ത്രി ആവശ്യപ്പെടാത്ത പുനര്‍നിയമന വിഷയത്തിലാണ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

സൈറസ് മിസ്ത്രിക്ക് നോട്ടിസ് അയച്ച കോടതി മറുപടി നല്‍കാന്‍ നാലാഴ്ച അനുവദിച്ചു. 2012-ല്‍ രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോഴാണ് സൈറസ് മിസ്ത്രി ചെയര്‍മാനായത്. 2016-ല്‍ ടാറ്റ സണ്‍സ് ബോര്‍ഡ് മിസ്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി രത്തന്‍ ടാറ്റയെ വീണ്ടും ഇടക്കാല ചെയര്‍മാനാക്കി. ഇത് ചോദ്യം ചെയ്താണ് മിസ്ത്രി കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്.

ഹർജികളിലെ പ്രധാന വാദം സൈറസ് മിസ്ത്രിയുടെ നിയമനം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ്. പ്രൊഫഷണൽ മികവ് പരിഗണിച്ച് മാത്രമായിരുന്നു നിയമനം. എസ്പി ഗ്രൂപ്പിന്റെ പ്രതിനിധിയായല്ല സൈറസ് മിസ്ത്രി ചെയർമാൻ സ്ഥാനത്തെത്തിയതെന്നും രത്തൻ ടാറ്റ ഹർജിയിൽ ചൂണ്ടിക്കാട്ടി.

മിസ്ത്രിയെ മാറ്റിയതിന് കാരണം ടാറ്റയും ജാപ്പനീസ് കമ്പനിയായ ഡോകോമോയും തമ്മിലുള്ള ഇടപാടിൽ ആർബിട്രേഷൻ ഉത്തരവ് പാലിക്കാതിരുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ്. ഇത് ടാറ്റയും ഡോകോമോയുമായുള്ള മുൻകരാറിന്റെ ലംഘനമായിരുന്നു. കമ്പനിയുടെ ബ്രാൻഡ് മൂല്യത്തിനും നയത്തിനും നടപടി എതിരായെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read more

നേരത്തെ ടാറ്റാ സൺസ് സ്വകാര്യ കമ്പനിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന ഉത്തരവ് തിരുത്തണമെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ആവശ്യം എൻസിഎൽഎടി തള്ളിയിരുന്നു. ജസ്റ്റിസ് എസ്‌ജെ മുഖോപാധ്യായ അദ്ധ്യക്ഷനായ ബെഞ്ച് തങ്ങളുടെ കണ്ടെത്തൽ അന്തിമമല്ലെന്നും സുപ്രീം കോടതിയുടേതായിരിക്കും അവസാന തീരുമാനമെന്നുമാണ് പ്രതികരിച്ചത്.