മുസ്ലിം, പാഴ്സി സ്ത്രീകളുടെ ഹര്‍ജി ശബരിമലയുമായി ബന്ധിപ്പിക്കുന്നതെന്തിന് ?; വിയോജിപ്പുമായി ജസ്റ്റിസ് നരിമാനും ചന്ദ്രചൂഡും

ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് ആര്‍.എഫ് നരിമാനും വിയോജിച്ചു. കോടതിയില്‍ ഉന്നയിക്കാത്ത മുസ്ലിം സ്ത്രീ പള്ളി പ്രവേശനം കോടതിയില്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നത് എന്തിനാണ് എന്ന് ജഡ്ജിമാര്‍ ചോദിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. മുസ്ലിം, പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശം ശബരിമല കേസുമായി ബന്ധപ്പെട്ടതല്ല. സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ മൂലം ശബരിമലയിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഹര്‍ജികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നടത്തിയ വിധിക്കെതിരെ തീവ്രഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ ജസ്റ്റിസ് നരിമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഉന്നത കോടതിയുടെ തീരുമാനം എല്ലാവരേയും ബാധിക്കുന്നതാണെന്നും ഇത് പാലിക്കേണ്ടത് ഒരു ഓപ്ഷനല്ലെന്നുമായിരുന്നു. ഭരണഘടനാമൂല്യങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. സുപ്രീം കോടതിയുടെ വിധി തടയുന്നതിനുള്ള സംഘടിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രായവ്യത്യാസമില്ലാതെ യുവതീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.