മോദിയുടെ നിത്യവിമര്‍ശകന്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേയ്ക്ക്

നരേന്ദ്ര മോദിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ നിരന്തരം വിമര്‍ശനമുന്നയിച്ച് ശ്രദ്ധേയനായ ബിജെപി വിമത നേതാവും എം പിയുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. ഈയാഴ്ച തന്നെ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി.

മാര്‍ച്ച് 28നോ 29നോ പ്രഖ്യാപനമുണ്ടാകുമെന്നും ബിഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു. ശത്രുഘ്‌നന്‍ സിന്‍ഹയെ സീറ്റ് പരിഗണനയില്‍ നിന്ന് ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് ശരിവെച്ച് കഴിഞ്ഞ ദിവസം ബിജെപി ബിഹാര്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടപ്പോള്‍ പട്‌ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് സ്ഥാനം നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവേശനം.

ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിലൂടെയാണ് സിന്‍ഹ ബി.ജെ.പിയ്ക്ക് അനഭിമതനായത്.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അതേ നാണയത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാമെന്ന് ശത്രുഘ്നന്‍ സിന്‍ഹ പ്രതികരിച്ചിരുന്നു.