എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ല; ഓസ്‌ട്രേലിയയില്‍ 56 എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയെന്നും ശശിതരൂര്‍

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഓസ്ട്രേലിയയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ശശി തരൂര്‍ ഇങ്ങിനെ പറഞ്ഞത്. 56 എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓസ്‌ട്രേലിയയില്‍ തെറ്റായി വന്നെന്നും മേയ് 23ന് യഥാര്‍ത്ഥ ഫലം വരുന്നതു വരെ കാത്തിരിക്കാമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

“എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല, പലപ്പോഴും അങ്ങിനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥ ഫലം വരുന്നത് വരെ കാത്തിരിക്കും.” ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ ഡി എ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. നാല് ഫലങ്ങളില്‍ ടൈംസ് നൗ ആണ് എന്‍ ഡി എയ്ക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. 306 സീറ്റുകള്‍ മുന്നണി നേടുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതേ സമയം യു പി എ 132 സീറ്റുകളും മറ്റുള്ള കക്ഷികള്‍ 104 സീറ്റുകളും നേടും. റിപ്പബ്ലിക് 287 സീറ്റുകളാണ് എന്‍ ഡി എയ്ക്ക് നല്‍കുന്നത്. 128 സീറ്റുകള്‍ യുപിഎയ്ക്കും 127 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. ന്യൂസ് എക്സ് 298 സീറ്റുകളാണ് എന്‍ഡിഎ യ്ക്ക് നല്‍കുന്നത്. 118 സീറ്റുകള്‍ യുപി എയ്ക്കും.

മറ്റുള്ളവര്‍ക്ക് 126 സീറ്റുകള്‍ കിട്ടും. സീ വോട്ടറുടെ പ്രവചനം എന്‍ ഡി എ 287 യു പിഎ 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ്. ആജ് തക്ക് 220-260 സീറ്റുകളാണ് എന്‍ ഡി എ മുന്നണിയ്ക്ക് കരുതുന്നത്. 80-100 സീറ്റുകള്‍ യു പി എയ്ക്കും 140-160 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും ആജ് തക്ക് നല്‍കുന്നു. കേരളത്തില്‍ യു ഡി എഫിന് 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഭൂരിഭാഗം സര്‍വെകളും പ്രവചിക്കുന്നത്. എല്‍ ഡി എഫിന് അഞ്ച് വരെ സീറ്റുകള്‍ ലഭിക്കാം.ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് അഞ്ച് സര്‍വെകള്‍ പ്രവചിക്കുന്നുണ്ട്.

ഇതുവരെ വന്ന സര്‍വെ ഫലങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ബി ജെ പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ പ്രയാസമാണ്. അതേസമയം എന്‍ ഡി എ യ്ക്ക് സര്‍ക്കാരുണ്ടാക്കാനാവുമെന്ന വിധത്തിലാണ് ഭൂരിഭാഗം സര്‍വ്വെ ഫലങ്ങളും പറയുന്നത്. അതേ സമയം യുപിയുടെ കാര്യത്തില്‍ എതാണ്ട് എല്ലാ സര്‍വെകളും ബിജെപിയ്ക്ക് വന്‍ തിരിച്ചടി പ്രവചിക്കുന്നു. തെക്കേ ഇന്ത്യയില്‍ കര്‍ണാടകയില്‍ ബിജെപി വന്‍ തിരിച്ചു വരവു നടത്തുമെന്നാണ് പ്രവചനം.

തമിഴ് നാട്ടില്‍ ഡി എം കെ മുന്നണി തൂത്തുവാരുമെന്നും പ്രവചനമുണ്ട്. ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും തലസ്ഥാനം ബിജെപി തൂത്തുവാരുമെന്നും സര്‍വെ ഫലമുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി എന്‍ ഡി എ മുന്നണി തിരിച്ചുവരവ് നടത്തുമെന്നാണ് വിലയിരുത്തല്‍. സിഎന്‍ എല്‍ ന്യൂസ് സര്‍വേ കേരളത്തില്‍ എല്‍ഡിഎഫിന് 11 മുല്‍ 13 സീറ്റ് വരെ പ്രവചിക്കുന്നു