രാഹുലിന്റെ പ്രചാരണം വന്‍ നേട്ടമുണ്ടാക്കിയെന്ന് ശശി തരൂര്‍

രാഹുലിന്റെ പ്രചാരണം തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയെന്ന് ശശി തരൂര്‍. ഗുജറാത്തില്‍ ബിജെപിയുടെ പിന്നോട്ടു പോകല്‍ ഇതിന് ഉദാഹരണമാണെന്നും തരൂര്‍ പറഞ്ഞു. തിരഞ്ഞടുപ്പ് ഫലങ്ങല്‍ പുറത്തു വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണര്‍വുണ്ടായ കോണ്‍ഗ്രസിന് ഗുജറാത്ത് ഫലം ആത്മവിശ്വാസമേകുന്നതാണ്. കഴിഞ്ഞതവണ നേടിയ 61 സീറ്റിനേക്കാള്‍ 10 മണ്ഡലങ്ങളില്‍ അധികം വിജയിക്കാനായതാണ് കോണ്‍ഗ്രസിന്റെ പ്രധാനനേട്ടം.

വോട്ട് ശതമാനം കാര്യമായി മെച്ചപ്പെടുത്താനും കഴിഞ്ഞു. പട്ടേല്‍ സ്വാധീനമേഖലകളില്‍ സീറ്റുകള്‍ വര്‍ധിച്ചു. രാഹുല്‍ ഗാന്ധി സൃഷ്ടിച്ച ഉണര്‍വ് താഴേത്തട്ടിലെത്തിക്കാന്‍ സംഘടനാ സംവിധാനമില്ലാതിരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു.

ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നത് നേട്ടമായി. രാഹുല്‍ ഗാന്ധിയുടെ ഒറ്റയാള്‍ പോരാട്ടമാണ് കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ തളയ്ക്കാന്‍ കഴിയും എന്ന വിശ്വാസം പാര്‍ട്ടിക്കു നല്‍കാനിതു സഹായിക്കും. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനോട് തോല്‍ക്കുമെന്ന തോന്നിച്ച ബിജെപി അവസാന കുതിപ്പില്‍ വിജയമുറപ്പിക്കുകയായിരുന്നു. 150 എന്ന മാന്ത്രികസംഖ്യയിലേക്കുള്ള ബിജെപിയുടെ പ്രയാണത്തിനു തടയിട്ടു എന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വസിക്കാം.