മറ്റൊരു മതത്തില്‍ നിന്ന് വിവാഹം കഴിക്കുന്നത് ദേശവിരുദ്ധമാകുന്നത് എങ്ങനെ? നസ്റുദ്ദീന്‍ ഷായെ അധിക്ഷേപിച്ച മുന്‍ മിസോറാം ഗവര്‍ണറോട് ശശി തരൂര്‍

മിസോറാം മുന്‍ ഗവര്‍ണറും സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലിനെതിരെ ശശി തരൂര്‍. ജെ.എന്‍.യു. സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും അനുപം ഖേറിനെ പരിഹസിച്ചും ഷാ ട്വീറ്റ് ചെയ്തതോടെ, ഷായെ വിമര്‍ശിച്ച് സ്വരാജ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ശശിതരൂരിന്റെ ട്വീറ്റ്.

സ്വരാജ് കൗശല്‍ നസ്റുദ്ദീന്‍ ഷായെ നന്ദികെട്ടവന്‍ എന്ന് ട്വിറ്ററിലൂടെ ആക്ഷേപിച്ചിരുന്നു. ‘നസ്റുദ്ദീന്‍ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. രാജ്യം നിങ്ങള്‍ക്ക് പേരും പ്രശസ്തിയും പണവും നല്‍കി. നിങ്ങള്‍ മറ്റൊരു മതത്തില്‍ നിന്ന് വിവാഹം ചെയ്തു. ആരും ഒരു വാക്ക് പോലും എതിരെ പറഞ്ഞില്ല’ എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം.

അന്യമതത്തില്‍ നിന്നു വിവാഹം ചെയ്യുന്നത് ദേശവിരുദ്ധത ആണോ എന്ന് സ്വരാജിനോട് തരൂര്‍ ചോദിച്ചു. സുഹൃത്തിനെ (അനുപം ഖേറിനെ ) വിമര്‍ശിക്കാം, എന്നാല്‍ അത് ഇത്തരം പരാമര്‍ശങ്ങളിലൂടെയല്ല വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.