അമേഠിയില്‍ സ്മൃതി - രാഹുല്‍ ഇഞ്ചോടിഞ്ച്, വോട്ട് നേടി സരിതയും

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കവെ രാജ്യം ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലേക്ക്. കോണ്‍ഗ്രസിലെ നെഹ്‌റു കുടുംബത്തിന്റെ മണ്ഡലം എന്നറിയപ്പെടുത്ത അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇവിടെ സ്മൃതി ഇറാനി 2688 വോട്ടിനാണ് രാഹുലിനെതിരെ ലീഡ് ചെയ്യുന്നത്.

അതെസമയം അമേഠിയില്‍ മത്സരിച്ച സരിത നായര്‍ക്കും വോട്ട് ലഭിച്ചിട്ടുണ്ട്. 76 വോട്ട് നേടിയ സരിത 26-ാം സ്ഥാനത്താണ്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് നേരത്തേ സരിത അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. എന്നാല്‍ രണ്ടിടത്തും പത്രിക തള്ളിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് ദേശീയശ്രദ്ധ പതിയുന്ന അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

വയനാട്ടില്‍ മികച്ച ലീഡോടെ രാഹുല്‍ മുന്നിട്ടു നില്‍ക്കുമ്പോഴാണ് അമേഠിയില്‍ പിന്നില്‍ പോകുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വെച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയില്‍ കളത്തിലിറക്കിയത്.

Read more

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുല്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ പറഞ്ഞത്.