'വിനാശകരമായ നീക്കം'; ശിവസേനയുമായി സഖ്യം ചേരുന്നതിനെതിരെ എൻ.സി.പി-കോൺഗ്രസ് പാർട്ടികൾക്ക് മുന്നറിയിപ്പുമായി സഞ്ജയ് നിരുപം

മഹാരാഷ്ട്രയിൽ ശിവസേനയുമായി എൻസിപി- കോൺഗ്രസ് പാർട്ടികൾ സഖ്യം ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. “വിനാശകരമായ നീക്കം” എന്നാണ് ശിവസേനയ്ക്ക് പിന്തുണ കൊടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ മുതിര്‍ന്ന നേതാവ് തുറന്നടിച്ചത്.  ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയും ശിവസേനയും സർക്കാർ രൂപീകരണത്തിൽ അധികാരം പങ്കിടുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഗവർണറോട് കോൺഗ്രസ് എൻസിപി സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന കോൺഗ്രസ് നേതാവ് മിലിന്ദ് ദോറയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിരുപം.

മഹാരാഷ്ട്രയിലെ നിലവിലെ സീറ്റു നിലയനുസരിച്ച് കോൺഗ്രസ്-എൻ‌സി‌പിക്ക് ഏതെങ്കിലും സർക്കാർ രൂപീകരിക്കുക അസാദ്ധ്യമാണ്. അതിനായി നമുക്ക് ശിവസേന ആവശ്യമാണ്. ഒരു സാഹചര്യത്തിലും ശിവസേനയുമായി അധികാരം പങ്കിടുന്നതിനെ കുറിച്ച് നാം ചിന്തിക്കരുത്. കാരണം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ ഒരു ഭാവന മാത്രമാണ്. ഇതിനായി ശിവസേനയുടെ പിന്തുണ തേടുന്നുവെങ്കില്‍, അത് കോണ്‍ഗ്രസിന്റെ നാശത്തിനുള്ള പിന്തുണ ആയിരിക്കുമെന്നും സഞ്ജയ് നിരുപം പറഞ്ഞു.

മഹാരാഷ്ട്ര മുൻ കോൺഗ്രസ് തലവനായിരുന്ന നിരുപത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ട് മുമ്പാണ് മാറ്റിയത്. പകരം മിലിന്ദ് ദോറയെ ഹൈക്കമാന്റ് കോൺഗ്രസ് മേധാവിയായി നിയമിക്കുകയായിരുന്നു.