സമസ്തയുടെ വിലക്ക് ലംഘിച്ച് മുജാഹിദ് സമ്മേളനത്തിനെത്തി, മുനവറലി, റഷീദലി തങ്ങൾമാരിൽ നിന്ന് വിശദീകരണം തേടും

സമസ്തയുടെ വിലക്കു ലംഘിച്ച് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് മുനവ്വറലി തങ്ങളോടും റഷീദലി തങ്ങളോടും വിശദീകരണം ചോദിക്കാന്‍ സമസ്ത നേതൃ യോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ ഇരുവരോടും ആശയ വിനിമയം നടത്താന്‍ അഞ്ചംഗ സമിതിയെ യോഗത്തില്‍ ചുമതലപ്പെടുത്തി. സമസ്ത ആസ്ഥാനമായ ചേളാരിയില്‍ ചേര്‍ന്ന് സമസ്ത ഭാരവാഹികളുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം.

സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി തങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനുവരി 10ന് ചേരുന്ന മുശാവറ യോഗം തുടര്‍ നടപടി തീരുമാനിക്കും. സമസ്തയുടെ ചുമതലകള്‍ വഹിക്കുന്ന റഷീദലിയും മുനവ്വറലിയും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത് സുന്നി ആദര്‍ശങ്ങളുടെ ലംഘനമാണെന്നാണ് സംഘടനാ നിലപാട്.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി തങ്ങള്‍ക്ക് സമസ്തയില്‍ വിലക്ക്

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പാണക്കാട് റഷീദലി ശിഹാബ് തങ്ങളുമാണ് കഴിഞ്ഞ ദിവസം നടന്ന മുജാഹിദ് സമ്മേളന വേദിയില്‍ സംബന്ധിച്ചത്. പാണക്കാട് തങ്ങള്‍മാര്‍ മുസ്്ലിംലീഗിന്റേയും സമസ്തയുടേയും നേതൃത്വം ഒരുമിച്ച് വഹിക്കുന്നവരാണെങ്കിലും ആശയപരമായി സമസ്ത പിന്തുടരുന്ന സുന്നീ ചിന്തയില്‍ വിശ്വസിക്കുന്നവരാണ്. ചരിത്രത്തില്‍ ആദ്യമായാണ് പാണക്കാട് നിന്നും രണ്ടു പേര്‍ മുജാഹിദ് സമ്മേളന വേദിയില്‍ എത്തുന്നത്. മുജാഹിദ് നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിത കാലത്തു മുജാഹിദ് വേദികളില്‍ സംബന്ധിച്ചിരുന്നില്ല.

മുജാഹിദ് സമ്മേളനത്തിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍: ഐഎസ് ആരോപണം മായ്ക്കാനുള്ള സലഫികളുടെ ശ്രമമെന്ന് സമസ്ത; പ്രതിഷേധം കത്തുന്നു

സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും ഇരുവരേയും മാറ്റി നിര്‍ത്താനാണ് സമസ്ത ആലോചിക്കുന്നത്. മുനവ്വറലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ഭാരവാഹിത്വത്തിലും റഷീദലി തങ്ങള്‍ സുന്നീ മഹല്ല് ഫെഡേറഷന്‍ മലപ്പുറം ജില്ലാ പ്രസിഡണ്ടുമാണ്.

കേരള വഖ്ഫ് ബോര്‍ഡ് കേരളത്തിലെ എല്ലാ മുസ്്ലിംകളേയും പ്രതിനിധീകരിക്കുന്നുവെന്നും അതിനാലാണ് ചെയര്‍മാന്‍ എന്ന നിലയില്‍ പങ്കെടുത്തതെന്നുമാണ് റഷീദലി തങ്ങള്‍ നല്‍കുന്ന വിശദീകരണം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിലാണ് സംബന്ധിച്ചതെന്നാണ് മുനവ്വറലി തങ്ങള്‍ പറയുന്നത്.