പ്രണയവിവാഹത്തിന് എതിരെ പ്രതിജ്ഞ ചെയ്യിപ്പിച്ചത് ഭരണഘടനാവിരുദ്ധം; കേസെടുക്കണമെന്ന് ധീരതാപുരസ്‌കാര ജേതാവ് സെന്‍ സദാവര്‍ത്തെ

വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ച മഹാരാഷ്ട്ര അമരാവതിയിലെ ഗേള്‍സ് കോളജ് മാനേജ്മെന്റിനെതിരെ കേസ് എടുക്കണമെന്ന് ധീരതാ പുരസ്‌കാര ജേതാവായ 12 വയസ്സുകാരി സെന്‍ സദാവര്‍ത്തെ.

പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതത്തിന്മേലുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് സെന്‍ പറഞ്ഞു. മനുസ്മൃതിയില്‍ അധിഷ്ഠിതവും സ്ത്രീ വിവേചനപരവുമായ പ്രവൃത്തിയാണിത്. ഇതിനെതിരെ പരാതി നല്‍കണമെന്നും സെന്‍ ആവശ്യപ്പെട്ടു.

ശക്തമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ വേണ്ടി വിദ്യാര്‍ത്ഥിനികളെ തയ്യാറാക്കുകയാണ് എന്ന വിശദീകരണത്തോടെയായിരുന്നു പ്രതിജ്ഞ എടുപ്പിക്കല്‍. മഹിള കലാ വാണിജ്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെ കൊണ്ടാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.