പ്രധാനമന്ത്രിയുടെ വാക്കുകളെ നിസ്സാരമായി കാണേണ്ടെന്ന് സച്ചിന്‍, അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഗെലോട്ട്

മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകളെ നിസാരമായി കാണേണ്ടെന്ന് സച്ചിന്‍ പൈലറ്റ്. നേരത്തെ പുകഴ്ത്തിയ ഗുലാം നബി ആസാദിന്റെ സ്ഥിതി അറിയാമല്ലോ എന്നും സര്‍ക്കാരിനെ അപകടത്തിലാക്കിയ എംഎല്‍എമാര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗാര്‍ ധാം സന്ദര്‍ശന വേളയില്‍ അദ്ദേഹം അശോക് ഗെഹ്‌ലോട്ടിനെ പ്രശംസിച്ചതിന് നമ്മളെല്ലാം സാക്ഷികളായിരുന്നു. നേരത്തെ രാജ്യസഭയില്‍ മുന്‍ രാജ്യസഭാ എംപി ഗുലാം നബി ആസാദിനെ വിടവാങ്ങല്‍ ദിവസം പ്രധാനമന്ത്രി പ്രശംസിച്ചപ്പോഴും സമാനമായ കാര്യങ്ങള്‍ നാമെല്ലാവരും കണ്ടിട്ടുണ്ട്. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്നലെ നടന്നത് രസകരമായ ഒരു സംഭവവികാസമാണ്, അത് നിസ്സാരമായി കാണേണ്ടതില്ലെന്നും സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി അച്ചടക്കം പാലിച്ച് അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാമായിരുന്നു ഇതിന് ഗെലോട്ടിന്റെ മറുപടി. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിമാരില്‍ ഏറ്റവും സീനിയറായിരുന്നു ഗെഹ്ലോട്ടെന്നും ഇപ്പോഴും വേദിയില്‍ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയാണ് അദ്ദേഹമെന്ന് മോദി പറഞ്ഞത്. താനും അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.

1913ല്‍ രാജസ്ഥാനിലെ മംഗഡില്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവര്‍ഗക്കാരെ സ്മരിക്കുന്ന ചടങ്ങായ ‘മംഗാര്‍ ധാം കി ഗൗരവ് ഗാഥ’ യിലാണ് പ്രധാനമന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഒന്നിച്ച് എത്തിയത്.പ്രധാനമന്ത്രി മോദി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പുകഴ്ത്തിയാണ് സംസാരിച്ചത്.