സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ ജനുവരി 15- നകം : സുപ്രീം കോടതിയോട് കേന്ദ്രം

വിദ്വേഷ ഭാഷണം, വ്യാജ വാർത്തകൾ, അപകീർത്തികരമായ പോസ്റ്റുകൾ, സോഷ്യൽ മീഡിയയിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ ജനുവരി 15- നകം അന്തിമമാക്കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സോഷ്യൽ മീഡിയ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ഡീക്രിപ്റ്റ് ചെയ്ത ഡാറ്റ പങ്കുവെയ്ക്കുന്നതും സംബന്ധിച്ച മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിൽ തീർപ്പു കൽപ്പിച്ചിട്ടില്ലാത്ത എല്ലാ കേസുകളും സുപ്രീം കോടതി ഏറ്റെടുത്തു.

ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്നതിനാൽ കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റാൻ ഫെയ്സ്ബുക്കും വാട്‌സ്ആപ്പും ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ജനുവരി അവസാന വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

കേസുകൾ ഉന്നത കോടതിയിലേക്ക് മാറ്റാനുള്ള സോഷ്യൽ മീഡിയ കമ്പനികളുടെ ശ്രമത്തെ തമിഴ്‌നാട് സർക്കാർ ഇതുവരെ എതിർത്തിരുന്നു. വിശകലനത്തിനായി സർക്കാർ ആഗ്രഹിക്കുന്ന ഏത് വിവരവും വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഡീക്രിപ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ പറഞ്ഞു.

“ഇന്ത്യയിലെത്തിയ ശേഷം വാട്‌സ്ആപ്പിനും ഫെയ്‌സ്ബുക്കിനും വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറയാൻ കഴിയില്ല,” കേസുകൾ സുപ്രീം കോടതിയിലേക്ക് അയയ്ക്കാൻ തമിഴ്‌നാട് സമ്മതിക്കുന്നതിന് മുമ്പ് അഭിഭാഷകൻ പറഞ്ഞു.

വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യുന്നതിന് തങ്ങൾക്ക് “കീ” ഇല്ലെന്നും തങ്ങൾക്ക് അധികൃതരുമായി മാത്രമേ സഹകരിക്കാനാകൂ എന്നും രണ്ട് കമ്പനികളും പറഞ്ഞു.

“വീട്ടുടമസ്ഥനിൽ നിന്ന് സർക്കാർ താക്കോൽ ആവശ്യപ്പെട്ടു, തന്റെ പക്കൽ താക്കോൽ ഇല്ലെന്ന് ഉടമ പറയുന്നു,” മറുപടിയായി സുപ്രീം കോടതി പരിഹസിച്ചു.

സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഉള്ള ഒരു ഹർജി തീർപ്പുകൽപ്പിച്ചിട്ടില്ലെന്നും പൗരന്മാരുടെ അവകാശങ്ങൾ ചവിട്ടി മെതിക്കരുതെന്നുള്ള ആ ഹർജി ഈ ബെഞ്ചിന് പരിഗണിക്കാമെന്നും മറ്റൊരു ഹർജിക്കാരായ ഇന്റർനെറ്റ് ഫ്രീഡം അസോസിയേഷൻ സുപ്രീം കോടതിയെ അറിയിച്ചു.