സഹകരണ ബാങ്കുകളെ റിസർവ് ബാങ്ക് മേൽനോട്ടത്തിൽ കൊണ്ടു വരാനുള്ള ബിൽ രാജ്യസഭ പാസാക്കി

സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) മേൽനോട്ടത്തിൽ കൊണ്ടു വരുന്നതിനായി 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ രാജ്യസഭ ചൊവ്വാഴ്ച പാസാക്കി.

കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് നിരവധി സഹകരണ ബാങ്കുകൾ സമ്മർദ്ദത്തിലായതായും അവരുടെ ധനകാര്യങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സഭയെ അറിയിച്ചു.

നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഭേദഗതി, മൊറട്ടോറിയം ഇല്ലാതെ സമ്മർദ്ദത്തിലായ സഹകരണ ബാങ്കുകളെ വേഗത്തിൽ വീണ്ടെടുക്കാൻ നിയമനിർമ്മാണം സഹായിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

നിയമനിർമ്മാണം കൊണ്ട് സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ മാത്രം നിയന്ത്രിക്കാനേ റിസർവ് ബാങ്കിനെ അധികാരപ്പെടുത്തുന്നുള്ളൂ എന്നും കാർഷിക വികസനത്തിന് ധനസഹായം നൽകുന്ന സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമല്ല എന്നും നിർമ്മല സീതാരാമൻ സഭയ്ക്ക് ഉറപ്പ് നൽകി.

സെപ്റ്റംബർ 16- ന് ലോക്സഭ ബിൽ ഇതിനകം പാസാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ വിവിധ തരം സഹകരണ ബാങ്കുകളുണ്ട് – നഗര സഹകരണ ബാങ്കുകൾ (യുസിബി) ഗ്രാമീണ സഹകരണ ബാങ്കുകൾ (ആർ‌സി‌ബി). ആർ‌സിബികളെ സംസ്ഥാന സഹകരണ ബാങ്കുകൾ (എസ്ടിസിബി), ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ (ഡിസിസിബി) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച്, 2019 മാർച്ച് 31 ലെ കണക്കനുസരിച്ച് 1,544 യുസിബികളും 34 എസ്ടിസിബികളും 352 ഡിസിസിബികളും ഉണ്ടായിരുന്നു.എല്ലാ യു‌സി‌ബികളുടെയും നിക്ഷേപം 2019 മാർച്ച് 31 വരെ 484,315.85 കോടി രൂപയും ആർ‌സിബികളിൽ 505,859.16 കോടി രൂപയുമാണ്.

ഭേദഗതികൾ സംസ്ഥാന സഹകരണ നിയമപ്രകാരമുള്ള സഹകരണ സംഘങ്ങളുടെ സംസ്ഥാന രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ല.

നിക്ഷേപകരുടെ പണം പിൻവലിക്കുന്നത് മരവിപ്പിക്കുന്ന മൊറട്ടോറിയത്തിൽ ഏർപ്പെടാതെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി ഒരു ബാങ്കിംഗ് സ്ഥാപനത്തിന്റെ പുനർനിർമ്മാണമോ സംയോജനമോ ഉണ്ടാക്കുന്നതിനും ഈ നിയമം പ്രാപ്തമാക്കുന്നു. ജൂൺ 26- ന് രാഷ്ട്രപതി “ബാങ്കുകളിലുടനീളമുള്ള നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള” പ്രതിജ്ഞാബദ്ധതയെ പിന്തുടർന്ന് പ്രഖ്യാപിച്ച ഓർഡിനൻസിനെ ബിൽ മാറ്റി സ്ഥാപിക്കുന്നു.