ബി.ജെ.പിക്ക് കോർപറേറ്റുകളുടെ സമ്മാനം 600 കോടി രൂപ, മൊത്തം സംഭാവനയുടെ 93 ശതമാനവും ബി.ജെ.പിക്ക്

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ബി.ജെ.പിക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങൾ സംഭാവനയായി നല്‍കിയത് 600 കോടിയോളം രൂപ. ഡി.എല്‍.എഫ്, ഭാരതി എന്റര്‍പ്രൈസസ്  തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളാണ് 2018- വരെയുള്ള ആറുവര്‍ഷക്കാലത്തിനിടെ ഇത്രയധികം തുക സംഭാവന നല്‍കിയത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആര്‍) മൂന്നു പ്രത്യേക പഠനങ്ങളിലാണ് ഇതു കണ്ടെത്തിയത്.

2014- നു ശേഷം രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം ഫണ്ടിംഗ് നടത്തിയത് സത്യ ഇലക്ടറല്‍ ട്രസ്റ്റാണ്. ഇതു പിന്നീട് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് എന്ന പേരിലേക്കു മാറ്റിയിരുന്നു. ഈ ട്രസ്റ്റിന്റെ ഭാഗമാണ് ഡി.എല്‍.എഫും ഭാരതി ഗ്രൂപ്പും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതൽക്കാണ് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ഒന്നാംസ്ഥാനത്തെത്തിയത്. അതുവരെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റായിരുന്നു ഈ സ്ഥാനത്ത്. 2012 മുതല്‍ 2018 വരെ കോണ്‍ഗ്രസിന്റെ പ്രധാന ഫണ്ടിംഗ് നടത്തിയതും പ്രുഡന്റാണ് എന്നതാണു കൗതുകം. എന്നാല്‍ 81.15 കോടി രൂപ മാത്രമാണ് ഇക്കാലയളവില്‍ കോൺഗ്രസിന് കിട്ടിയത്.

കോര്‍പ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനായി രൂപീകരിച്ചവയാണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍. ഇതിന്റെ വാര്‍ഷിക ഇടപാടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ബി.ജെ.പിക്ക് കോര്‍പറേറ്റുകളില്‍ നിന്നു സംഭാവനയായി ലഭിച്ചത് 915.59 കോടി രൂപയെന്ന് എ.ഡി.ആര്‍ മുമ്പ് നടത്തിയ അവലോകനത്തില്‍ കണ്ടെത്തിയിരുന്നു.

എല്ലാ ദേശീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ച മൊത്തം സംഭാവനയുടെ 93 ശതമാനം വരുമിത്. മൊത്തം 985.18 കോടി രൂപയാണ് എല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും സംഭാവനയായി വന്നത്. സംഭാവനയുടെ ഉറവിടങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ വിവരം വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, സി.പി.ഐ,എം., തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ഇത്രയും സംഭാവന ലഭിച്ചത്. ദേശീയപാര്‍ട്ടിയാണെങ്കിലും ബി.എസ്.പിയെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ ആരും ഇക്കാലയളവില്‍ തങ്ങള്‍ക്കു സംഭാവന നല്‍കിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെയാണിത്.

1731 കോര്‍പറേറ്റുകളുടെ കൈയില്‍ നിന്നാണ് ബി.ജെ.പിക്ക് ഇത്രയും സംഭാവന ലഭിച്ചത്. 151 കോര്‍പറേറ്റുകളുടെ പക്കല്‍ നിന്നും കോണ്‍ഗ്രസിനു ലഭിച്ചത് 55.36 കോടി രൂപ മാത്രമാണ്. ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ ബി.ജെ.പിക്കു സംഭാവന ലഭിച്ചത് 94 ശതമാനം പേരില്‍ നിന്നാണ്. കോണ്‍ഗ്രസിനാകട്ടെ, 81 ശതമാനമാണത്. എന്‍.സി.പിക്ക് 7.73 കോടിയും, സി.പി.ഐ.എമ്മിന് 4.42 കോടിയും തൃണമൂലിന് 2.03 കോടിയും സി.പി.ഐക്ക് 0.04 കോടിയുമാണു ലഭിച്ചത്.

രണ്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തവണ സംഭാവന നല്‍കിയത് പ്രുഡന്റ്/സത്യ ഇലക്ടറല്‍ ട്രസ്റ്റാണ്. 46 തവണയാണ് ഇവര്‍ സംഭാവന നല്‍കിയത്. അതില്‍ 33 തവണയായി 405.52 കോടി രൂപയാണ് ബി.ജെ.പിക്കു നല്‍കിയത്. 13 തവണയായി 23.90 കോടിയാണ് കോണ്‍ഗ്രസിന് അവര്‍ നല്‍കിയത്. ഇരുപാര്‍ട്ടികള്‍ക്കുമായി ഭദ്രം ജന്‍ഹിത് ശാലിക ട്രസ്റ്റ് 41 കോടി നല്‍കി. ചെക്ക്/ഡി.ഡി എന്നിവയായാണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചത്. അതുവഴി 786.60 കോടിയും ബാങ്ക് ഇടപാട് വഴി 175.76 കോടിയുമാണു ലഭിച്ചത്.

സംസ്ഥാനങ്ങളില്‍ മുമ്പില്‍ 481.37 കോടിയുമായി ദല്‍ഹിയാണു മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്നു ലഭിച്ചത് 176.88 കോടിയാണ്. കര്‍ണാടകയില്‍ നിന്ന് 43.184 കോടിയും.എന്നാല്‍ സംഭാവന നല്‍കിയ 916 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 76 പേരുടെ പാന്‍ വിവരങ്ങളും നല്‍കിയിട്ടില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ ലഭ്യമാകാത്തവരില്‍ 98 ശതമാനവും ബി.ജെ.പിക്ക് സംഭാവന നല്‍കിയവരാണ്.