പോളിംഗ് കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ പടിക്ക് പുറത്ത്;അക്കൗണ്ടിലിട്ട 2000 രൂപ തിരിച്ചെടുത്ത് കേന്ദ്രം

ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 750000 കോടി രൂപ മാറ്റി വച്ചു എന്നാണ് കണക്ക്. മൂന്ന് ഗഡുക്കളായി പണം കര്‍ഷകരിലേക്ക് എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ ഭാഗമായി ആദ്യ ഗഡുവായ 2000 രൂപ ഓരോ കര്‍ഷകനും ലഭിച്ചതായി കേന്ദ്ര കാര്‍ഷിക മന്ത്രാലയം സ്ഥിരീകരിച്ചു കൊണ്ട് അറിയിപ്പുമെത്തി.

അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഫലം ലഭ്യമാകുമെന്നും മന്ത്രാലയം ഉറപ്പ് നല്‍കി.
എന്നാല്‍ ഇതെല്ലാം വെറും പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ പറയുന്നത്. ആറാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ പണം പിന്‍വലിക്കുന്നതിനായി എത്തിയപ്പോള്‍ പിന്‍വലിച്ചതായാണ് അവര്‍ക്ക് ലഭിക്കുന്ന വിവരം. കര്‍ഷകരുടെ അക്കൗണ്ടില്‍ പണമില്ലെന്ന് ബാങ്ക് മാനേജര്‍ കര്‍ഷക യൂണിയനെ അറിയിച്ചു. തങ്ങളെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്നാണ് ഇതറിഞ്ഞ കര്‍ഷകരുടെ പ്രതികരണം.

ഫിറോസാബാദിലെ നിരോദം സിങ്ങ് എന്ന കര്‍ഷകന്റെ അനുഭവം ഇങ്ങിനെ- രണ്ട് മാസം മുമ്പാണ് അക്കൗണ്ടില്‍ 2000 രൂപ നിക്ഷേപിച്ചതായി എസ്എംഎസ് ലഭിക്കുന്നത്. എന്നാല്‍ ബാങ്കില്‍ ചെന്നപ്പോഴാണ് പണം വന്നിട്ടില്ലെന്ന് അറിയുന്നത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പോയി. അപ്പോഴും അതേ അവസ്ഥ തന്നെയാണ്.

കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വരുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. രണ്ട് ഹെക്ടറില്‍ കുറഞ്ഞ ഭൂമിയുള്ളവരെയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ മുഴുവന്‍ തുകയും വഹിക്കുമെന്നുമായിരുന്നു വാഗ്ദാനങ്ങള്‍. ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് മോദി സര്‍ക്കാര്‍ കര്‍ഷകരെ  വഞ്ചിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.