പൊലീസുകാരന്റെ സാഹസിക ഇടപെടല്‍ രക്ഷിച്ചത് യാത്രക്കാരന്റെ ജീവന്‍

സ്റ്റേഷനിലേക്ക് ട്രെയിന്‍ വരുന്നതിനിടെ റെയില്‍ പാളം മുറിച്ച് കടക്കുകയായിരുന്ന യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍. അനില്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥാനാണ് സ്വന്തം ജീവന്‍  പണയം വെച്ച് യാത്രക്കാരനെ രക്ഷിച്ചത്. താനെ റെയില്‍വേ സ്‌റ്റേഷനില്‍ ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒരു പ്ലാറ്റ് ഫോമില്‍ നിന്നിറങ്ങി നേരെ എതിരെയുള്ള പ്ലാറ്റിഫോമിലേക്കെത്താന്‍ യാത്രക്കാരന്‍ പാളം മുറിച്ച് കടക്കുന്നത് വീഡിയോയില്‍ കാണാം. ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് പ്ലാറ്റ് ഫോമില്‍ നിന്ന് പോലീസുകാരന്‍ ചാടിയിറങ്ങി ഇയാളെ പ്ലാറ്റ്ഫോമിലേക്ക് തള്ളിവിടുന്നതും തൊട്ടുതൊട്ടില്ല എന്ന വിധത്തില്‍ കടന്നു പോകുന്ന ട്രെയിനിന്് മുന്നില്‍ പെടാതെ അപ്പുറത്തേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം.

കണ്ണടച്ചു തുറക്കുന്ന സമയത്തിനിടെയാണ് ട്രെയിനെത്തുന്നതും യാത്രക്കാരനെ രക്ഷിച്ച് അനില്‍ കുമാര്‍ അപ്പുറത്തേക്കെത്തിയത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്നവര്‍ എന്താണ് സംഭവിച്ചതെന്നറിയാതെ അല്‍പ്പനേരം സ്തബ്ദരായി നിന്നു.പിന്നീട് പോലീസുദ്യോഗസ്ഥനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.

ട്രാക്ക് മുറിച്ച് കടന്ന യാത്രക്കാരന് തക്കതായ ശിക്ഷ നല്‍കണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അദ്ഭുതകരമായ രക്ഷാപ്രവൃത്തി എന്നാണ് പലരും കമന്റ് ചെയ്തത്. ട്രാക്ക് മുറിച്ചു കടക്കാതെ മേല്‍പ്പാലങ്ങളോ ലിഫ്റ്റുകളോ ഉപയോഗിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു കൊണ്ടാണ് റെയില്‍വെ മന്ത്രാലയം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.