അസന്തുഷ്ടമായ ദാമ്പത്യവും മദ്യപാനവുമാണ് രോഹിത് ശേഖറിന്റെ കൊലപാതകത്തിനു കാരണമായതെന്ന് പോലീസ്

ദാമ്പത്യപ്രശ്‌നങ്ങളാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പോലീസ്. അസന്തുഷ്ടമായ ദാമ്പത്യജീവിതവും രോഹിതിന്റെ അമിതമദ്യപാനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഭാര്യ അപൂര്‍വ്വ പറഞ്ഞതായി പോലീസ് പറഞ്ഞു.

ഈ മാസം 16നാണ് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയില്‍ രോഹിത് ശേഖറിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് അദ്ദേഹം മരിച്ചു. അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വ്വയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രോഹിതിനെ കൊന്നത് താനാണെന്ന് ചോദ്യം ചെയ്യലില്‍ അപൂര്‍വ്വ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ദാമ്പത്യജീവിതം സന്തോഷകരമായിരുന്നില്ല. തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം തകര്‍ക്കപ്പെട്ടു. രോഹിതിന്റെ മദ്യപാനം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും അപൂര്‍വ്വ പറഞ്ഞതായി പോലീസ് അറിയിച്ചു.

Read more

രോഹിതും അപൂര്‍വ്വയും തമ്മില്‍ സംഭവദിവസം വഴക്കുണ്ടായി. തര്‍ക്കത്തിനിടയില്‍ അപൂര്‍വ്വ രോഹിതിനെ ആക്രമിച്ചു. രോഹിതിന്റെ മേലേക്ക് ചാടിവീണ അപൂര്‍വ്വ അയാളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മദ്യപിച്ചിരുന്നതിനാല്‍ അപൂര്‍വ്വയുടെ ആക്രമണത്തെ ചെറുക്കാന്‍ രോഹിതിന് കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.