‘ഹിന്ദുവായ നിങ്ങളെന്തിനാണ് മുസ്ലിങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത്’; യു.പി പൊലീസിന്റെ ചോദ്യങ്ങളെ കുറിച്ച് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍

യുപിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരോടുള്ള ഉത്തര്‍പ്രദേശ് പൊലീസ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി ആക്ടിവിസ്റ്റ്. ലക്‌നൗവില്‍ ഡിസംബര്‍ 20-ന് നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ റോബിന്‍ വര്‍മ്മയാണ് ജാമ്യം ലഭിച്ച് പുറത്ത് വന്ന ശേഷം പ്രതികരിച്ചിരിക്കുന്നത്.

ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റുകള്‍ പരിശോധിച്ച ശേഷം  ഹിന്ദുവായ നിങ്ങള്‍ എന്തിനാണ് മുസ്ലിങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതെന്നും ചോദിച്ചു. അധ്യാപകന്‍ കൂടിയായ തന്റെ ജന്മദിനത്തിന് മുസ്ലിമായ ഒരു വിദ്യാര്‍ത്ഥി ആശംസകള്‍ അറിയിച്ചതിനെ കുറിച്ചും മോശമായാണ് സംസാരിച്ചത്.

എന്തിനാണ് അവരുമായൊക്കെ ചങ്ങാത്തം? എന്തിനാണ് അവരുടെ കൂടെ നടക്കുന്നത് എന്നൊക്കെ പൊലീസ് ചോദിച്ചെന്ന് റോബിന്‍ പറഞ്ഞു. തന്റെ കുടുംബത്തെ ആകെ നശിപ്പിച്ച് കളയുമെന്നും ഭാര്യയെയും മകളെയും വേശ്യകളാക്കി മാറ്റുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ലാത്തി കൊണ്ട് ക്രൂരമായാണ് അവര്‍ തല്ലിച്ചതച്ചത്.

ആദ്യം റോബിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. പിന്നീട് കലാപശ്രമം, കൊല്ലാന്‍ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്. അതുകൊണ്ട് തന്നെ നിയമവ്യവസ്ഥയിലും ഭരണഘടനയിലും താന്‍ വിശ്വസിക്കുന്നുവെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.