കലാപകാരികളെ ഞെട്ടിച്ച് നിശ്ശബ്ദരാക്കി; അക്രമകാരികളായ പ്രതിഷേധക്കാര്‍ യോഗി സര്‍ക്കാരിന് കീഴില്‍ കരയും; പൊലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയരുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിയെ ന്യായീകരിച്ച്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പൊലീസിന്റെ കൃത്യമായ നടപടി കലാപകാരികളെ ഞെട്ടിച്ച് നിശ്ശബ്ദരാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റിലൂടെ പറഞ്ഞു.

“എല്ലാ കലാപകാരികളും ഞെട്ടിപ്പോയി. എല്ലാ പ്രകടനക്കാരും സ്തംഭിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ കണ്ട് എല്ലാവരും നിശ്ശബ്ദത പാലിച്ചു. എന്തു വേണമെങ്കിലും ഇപ്പോള്‍ ചെയ്യാം. എന്നാല്‍ പൊതുസ്വത്ത് നശിപ്പിക്കുന്ന ഏതൊരാളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിയിരിക്കും. അക്രമാസക്തനായ ഓരോ പ്രതിഷേധക്കാരും ഇപ്പോള്‍ കരയും. കാരണം ഒരു യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലുണ്ട്” – വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

“യോഗി സര്‍ക്കാരിനെ വെല്ലുവിളിച്ച ഓരോ കലാപകാരിയും അത് വലിയ തെറ്റായി പോയെന്ന് ചിന്തിക്കുന്നുണ്ടാവും” മറ്റൊരു ട്വീറ്റില്‍ പറയുന്നു. രണ്ട് ട്വീറ്റുകളിലും “The Great_CM Yogi” എന്ന ഹാഷ് ടാഗ് ഉണ്ടായിരുന്നു.

പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച 498 പേരെ തിരിച്ചറിഞ്ഞവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നിരിക്കുന്നത്. പൊതുസ്വത്തിന് നാശനഷ്ടമുണ്ടാക്കിയവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്  സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

യു.പിയില്‍ മാത്രം 23  പേരാണ് പ്രതിഷേധ പരിപാടികള്‍ക്കിടെ മരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചത്. എന്നാല്‍, ബിജ്‌നോറില്‍ ഒഴികെ മറ്റൊരിടത്തും പൊലീസ് വെടിവെച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം,  പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.