പത്രപ്രവർത്തകനെ എന്തിന്റെ പേരിൽ അറസ്റ്റു ചെയ്തു?, ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചുള്ള ട്വീറ്റിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തില്‍, എന്തിന്റെ പേരിലാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നും കോടതി ചോദിച്ചു.

യോഗിയ്‌ക്കെതിരായ ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞ 11 ദിവസമായി ജയിലില്‍ കഴിയുകയാണ് കനൂജിയ. അദ്ദേഹത്തിന്റെ ഭാര്യ ജെഗിഷ് അറോറ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് ഉത്തരവ്.

കനൂജിയയുടെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ ഇന്നലെ കോടതിയെ സമീപിച്ചത്. അവധിക്കാല ബെഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും അജയ് രസ്തോഗിയുമാണ് ഹരജി പരിഗണിച്ചത്.

യു.പി മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചായിരുന്നു കനൂജിയയെ അറസ്റ്റു ചെയ്തത്. ‘ഇത്തരമൊരു കേസില്‍ എന്തിനാണ് 11 ദിവസം റിമാന്‍ഡില്‍ ഇടുന്നത്?’ എന്ന് സുപ്രീം കോടതി ചോദിച്ചു. ‘ഇത് ശരിയായ നിലപാടല്ല’ എന്നും കോടതി നിരീക്ഷിച്ചു.

‘ഒരു പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ രേഖകള്‍ പരിശോധിച്ചു. ഭിന്നാഭിപ്രായങ്ങളുണ്ടാവാം. എന്തിനാണ് ഈ അറസ്റ്റ്?’ എന്നും കോടതി ചോദിച്ചു. “”ഇത്തരം ട്വീറ്റുകളുടെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ, ഈ ട്വീറ്റിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണ്”” എന്ന് സുപ്രീം കോടതി ചോദിച്ചു.

ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകൾ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാൽ ഐപിസി 505-ാം വകുപ്പ് കൂടി ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യു.പി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും  കോടതിയിൽ സമർപ്പിച്ചു.

എന്നാൽ ഈ ട്വീറ്റുകളുടെ പേരിൽ കനോജിയയെ അറസ്റ്റ് ചെയ്തതിൽ ജസ്റ്റിസ് ഇന്ദിരാ ബാനർജി അതൃപ്തി പ്രകടമാക്കി.  മാത്രമല്ല, കേസിൽ 22-ാം തിയതി വരെ കനോജിയയെ റിമാൻഡിൽ വിട്ട മജിസ്ട്രേറ്റിന്‍റെ തീരുമാനം ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

രൂക്ഷവിമർശനമാണ് ഇതിനെതിരെ സുപ്രീം കോടതി ഉന്നയിച്ചത്. “നിയമവിരുദ്ധമായ ഒരു കാര്യം കണ്ടാൽ കൈയും കെട്ടിയിരുന്ന് കീഴ്‍കോടതിയിലേക്ക് പോകൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ല””,  ജസ്റ്റിസ് ഇന്ദിരാ ബാനർജി പറഞ്ഞു. ഹേബിയസ് കോ‍ർപസ് ഹർജി കൊണ്ട് റിമാൻഡ് ഉത്തരവിനെ എതിർക്കുന്നത് എങ്ങിനെയെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ചോദിച്ചു. ഈ കേസിൽ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാൻഡും എന്തിനെന്ന് ജസ്റ്റിസ് രസ്‍തോഗി തിരിച്ചു ചോദിച്ചു. “”കനോജിയയെന്താ കൊലക്കേസ് പ്രതിയാണോ? എന്തടിസ്ഥാനത്തിലാണിത്?””, കോടതി ചോദിച്ചു.

തുടർന്ന് വ്യക്തിസ്വാതന്ത്ര്യത്തിൽ ഇത്തരം ഇടപെടലുണ്ടായാൽ അതിൽ സുപ്രീം കോടതിയ്ക്ക് ഇടപെടാമെന്നും അതിൽ കീഴ്‍വഴക്കത്തിന്‍റെ പ്രശ്നമില്ലെന്നും നിരീക്ഷിച്ച സുപ്രീം കോടതി, മാധ്യമപ്രവർത്തകനെ ഉടനടി ജാമ്യത്തിൽ വിടാൻ ഉത്തരവിടുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന ഒരു സ്ത്രീയുടെ ആരോപണം ഷെയർ ചെയ്തതിനു പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടര്‍ പ്രശാന്ത് ജഗദീഷ് കനൂജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കു മുമ്പില്‍ ഒരു സ്ത്രീ, തനിക്ക് യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ ആണ് പ്രശാന്ത് ഷെയര്‍ ചെയ്തത്. ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

‘സ്നേഹം എത്ര മറച്ചു വച്ചാലും അതൊരിക്കല്‍ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെയായിരുന്നു ജഗദീഷ് കനൂജിയ യോഗിക്കെതിരായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ ഷെയർ ചെയ്തത്. ഇതാണ് നടപടിക്ക് കാരണമായത്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് പൊലീസ് ദുരൂഹമായ വിവരങ്ങളാണ് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പ്രശാന്തിനെ പിന്നീട് ലഖ്നൗവിലേക്ക് മാറ്റിയെന്നാണ് വിവരം.

അറസ്റ്റ് ചെയ്യാനെത്തിയവര്‍ യൂണിഫോമിലല്ലായിരുന്നെന്നും അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ചില്ലെന്നും പ്രശാന്തിന്റെ ഭാര്യ പറഞ്ഞിരുന്നു. പൊലീസുകാരാണെന്ന് അറിയിക്കാതെ പ്രശാന്തിന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കും മേലുള്ള കടന്നുകയറ്റമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രതികരിച്ചിരുന്നു.