കൊലപാതകവും മനുഷ്യക്കടത്തും അടക്കം രവി പൂജാരയ്ക്കെതിരേ കര്‍ണാടകയില്‍ 79 കേസുകള്‍

ദക്ഷിണാഫ്രിക്കയില്‍ നിന്നും സെനഗല്‍ പോലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയ രവി പൂജാരയ്ക്ക് എതിരേ കര്‍ണാടകയില്‍ 79 കേസുകള്‍. കൊലപാതകം, സാമ്പത്തീക തട്ടിപ്പ്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, അക്രമം തുടങ്ങി ഇന്ത്യയില്‍ ഉള്‍നീളം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പൂജാരയ്ക്കെതിരേ മംഗലാപുരത്ത് മാത്രം 39 കേസുകള്‍ ഉണ്ട്. ബംഗലുരുവില്‍ 37 കേസുകളും പേരിലുണ്ട്.

ഇന്നലെയാണ് പൂജാരയെ ഇന്ത്യയില്‍ എത്തിച്ചത്. 2019 ജനുവരിയില്‍ സെനഗലില്‍ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യം നേടി ഇയാള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങിയിരുന്നു. ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ബുര്‍ക്കിനാ ഫാസോ പാസ്പോര്‍ട്ടില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതായി ഇന്ത്യയുടെ വിദേശകാര്യ രഹസ്യാന്വേഷണ വിഭാഗമാണ് വിവരം നല്‍കിയത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പറന്ന സെനഗല്‍ പോലീസ് 52 കാരന്‍ അധോലോക നായകനെ പൊക്കി.

വിമാനത്താവളത്തില്‍ നിന്നും നേരെ കര്‍ണാടക പോലീസ് പൂജാരയെ അന്വേഷണത്തിനായി നേരെ മടിവാളയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇനി കോടതിയില്‍ ഹാജരാക്കും. എയര്‍ഫ്രാന്‍സ് വിമാനത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് പൂജാരയെ ബംഗലുരുവിലെ കെംപേഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. യാത്രക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ച ശേഷമായിരുന്നു പൂജാരയെ വെളിയില്‍ എത്തിച്ചത്. വിമാനത്താളവത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.