തൊഴിലില്ലാത്തവരിൽ ഭൂരിഭാഗവും ബി.ജെ.പിക്കാരാണ്, മോദി സ്തുതി കൊണ്ട് മാത്രം തൊഴിലുണ്ടാകില്ലെന്ന് രവീഷ്‌ കുമാർ

വര്‍ഗീയതയ്ക്കും യുദ്ധഭ്രാന്തിനുമെതിരെ ശബ്ദമുയര്‍ത്തിയാല്‍ മോദി വിരുദ്ധനാകുമെങ്കില്‍ അങ്ങനെ വിളിക്കുന്നത് സന്തോഷമാണെന്ന് മാധ്യമപ്രവര്‍ത്തകനും മാഗ്‌സസെ ജേതാവുമായ രവീഷ് കുമാര്‍ പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടമാക്കിയത്.

‘മോദി രവീഷ് വിരുദ്ധനാണ്. ഞാന്‍ മോദി വിരുദ്ധനല്ല. ഈ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നത് ഞാന്‍ തുടര്‍ന്നു കൊണ്ടിരിക്കും. 90 ശതമാനം മാധ്യമങ്ങളും മോദിയെ സ്തുതിച്ചു കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ എന്താണ് ഇങ്ങനെയെന്ന് പലരും ചോദിക്കുന്നു. ഈ സര്‍ക്കാരില്‍ ഒരു കുഴപ്പവും അവര്‍ കാണുന്നില്ല.’ തൊഴിലില്ലായ്മ ഒരു പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുന്നുണ്ട്. തൊഴിലില്ലാത്തവര്‍ ഭൂരിഭാഗവും ബി.ജെ.പിക്കാര്‍ തന്നെയാണ്. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ വോട്ടു ചെയ്തതും ബി.ജെ.പിയ്ക്കാണ്. എന്നാല്‍ മോദിയെ പിന്തുണയ്ക്കുന്നവരായതു കൊണ്ട് അവര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ പിന്തുണയ്ക്കുന്ന അവര്‍ക്ക് സ്ഥിരമായി ഒരു തൊഴില്‍ ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘വര്‍ഗീയത ഞാന്‍ അംഗീകരിക്കില്ലെന്നത് ശരിയാണ്. യുദ്ധഭ്രാന്തും ഞാന്‍ അംഗീകരിക്കുന്നില്ല. ഇതിനെല്ലാമെതിരെ ശബ്ദമുയര്‍ത്തുന്നത് ഒരാളെ ‘മോദി വിരുദ്ധന്‍’ ആക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ മോദി വിരുദ്ധനെന്ന് വിളിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.’- രവീഷ് പറഞ്ഞു.
വാര്‍ത്താ അവതാരകന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തനായ രവീഷ് കുമാറിന് ഓഗസ്റ്റ് രണ്ടിനാണ് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം നല്‍കുന്നത്.

1996 മുതല്‍ എന്‍.ഡി.ടി.വി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ നിലവില്‍ സീനിയര്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ആണ്. എന്‍.ഡി.ടി.വിയിലെ പ്രൈം ടൈം എന്ന പരിപാടി അവതരിപ്പിക്കുന്നതും രവീഷ് കുമാറാണ്