354 കോടിയുടെ ബാങ്ക് തട്ടിപ്പ്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ

354 കോടി ബാങ്ക് തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ അനന്തരവൻ രതുൽ പുരിയെ ഇന്ന് രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെടാതിരിക്കാൻ രതുൽ പുരി ഒന്നിലധികം തവണ ശ്രമിച്ചതിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റിന്റെ വലയിൽ പെട്ടത്.

പ്രവർത്തനരഹിതമായ ഇലക്‌ട്രോണിക്‌സ് കമ്പനിയായ മോസർ ബെയറിന്റെ മുൻ സീനിയർ എക്‌സിക്യൂട്ടീവ് രതുൽ പുരി, 2009 മുതൽ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയും ഈ പണം ദുരുപയോഗം  ചെയ്തുവെന്നും ആരോപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച പരാതിയിലാണ് സി.ബി.ഐ കുറ്റം ചുമത്തിയിരിക്കുന്നത്.

രതുൽ പുരിയും നാല് മുൻ ഡയറക്ടർമാരും പണം സ്വരൂപിക്കുന്നതിനായി വ്യാജരേഖകൾ ഉണ്ടാക്കി സെൻട്രൽ ബാങ്കിനെ വഞ്ചിച്ച്‌ 354 കോടി രൂപ തട്ടിച്ചു എന്നാണ് കേസ്. കേസിൽ സി.ബി.ഐ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കുകയും തിങ്കളാഴ്ച ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

മോസർ ബെയർ, മാനേജിംഗ് ഡയറക്ടർ ദീപക് പുരി, ഡയറക്ടർമാരായ നിത പുരി, സഞ്ജയ് ജെയിൻ, വിനീത് ശർമ എന്നിവരാണ് കുറ്റാരോപിതർ.

കോംപാക്റ്റ് ഡിസ്കുകൾ, ഡിവിഡികൾ, സോളിഡ് സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ഡിജിറ്റൽ ഡാറ്റ സംഭരണ മാധ്യമങ്ങളുടെ നിർമ്മാണത്തിലാണ് മോസർ ബെയർ ഏർപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം കമ്പനി അടച്ചുപൂട്ടി.