ശിവസേനയെ കൂടെ നിര്‍ത്താന്‍ ശ്രമം; മുഖ്യമന്ത്രിപദം വിഭജിച്ച് നല്‍കാമെന്ന് എന്‍.ഡി.എ, രണ്ടുവര്‍ഷം സേനയ്ക്ക് നല്‍കാമെന്ന് നിര്‍ദ്ദേശം

രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമാവുമ്പോള്‍ ശിവസേനയെ കൂടെ നിര്‍ത്താന്‍ എന്‍.ഡി.എ ഘടകക്ഷികള്‍ ശ്രമം തുടരുന്നു. മൂന്ന് വര്‍ഷം ബി.ജെ.പിക്കും രണ്ട് വര്‍ഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ച് നല്‍കാമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്ക് സമ്മതമാണെങ്കില്‍ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ് റാവത്ത് മറുപടി നല്‍കിയെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ ബി.ജെ.പിയുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും അത്തെവാല പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യ സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനായി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി എന്‍.സി.പിയുടെ മുതിര്‍ന്ന നേതാക്കളെ പവാര്‍ ഡല്‍ഹിലേക്ക് വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ചഗന്‍ ഭുജ്ബാല്‍ തുടങ്ങിയ നേതാക്കളോട് ചൊവ്വാഴ്ച തലസ്ഥാനത്തെത്താനാണ് നിര്‍ദ്ദേശം. നവാബ് മാലിക്ക് തിങ്കളാഴ്ച രാവിലെ തന്നെ ഡല്‍ഹിയിലുണ്ട്.