'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍, ദുരന്ത കാലത്ത് നമ്മള്‍ പ്രഹസനം നേരിടുകയാണ്'; മോദിയുടെ വിളക്ക് കൊളുത്തല്‍ ആഹ്വാനത്തിന് എതിരെ രാമചന്ദ്ര ഗുഹ

ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തിൽ വിമര്‍ശനവുമായി പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

“ഇവന്റ്‌ മാനേജ്‌മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍, ദുരന്ത നേരത്ത് നമ്മള്‍ പ്രഹസനം നേരിടുകയാണ്.” ഗുഹ ട്വീറ്ററില്‍ കുറിച്ചു.

Read more

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദിയുടെ രാജ്യത്തോടുള്ള ആഹ്വാനം. ലോക്ക് ഡൗണുമായി സഹകരിക്കുന്ന ജനങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. ഞായറാഴ്ച 9ന് രാജ്യത്തെ 130 കോടി ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും ഇതുവഴി ആരും ഒറ്റയ്ക്കല്ല എന്ന സന്ദേശം നല്‍കണമെന്നും കൊവിഡ് ഭീതിയുടെ ഇരുട്ട് അകറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.