അണയാത്ത പ്രതിഷേധം; സസ്പെൻഷൻ നടപടിക്ക് എതിരെ പാർലമെന്റ് വളപ്പിൽ അനിശ്ചിതകാല ധർണയുമായി എം.പിമാർ

കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്  സസ്പെൻഡ് ചെയ്ത പ്രതിപക്ഷ എം.പിമാർ  അനിശ്ചിതകാല ധർണ തുടരുന്നു. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍  രാത്രിയിലും എംപിമാർ പ്രതിഷേധം തുടർന്നു. ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും. അതിനിടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് കർഷക സമരം വ്യാപിക്കുകയാണ്.

പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാരുടെ സമരം. സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരാണ് സമരമുഖത്തുള്ളത്. “കർഷകർക്ക് വേണ്ടി പോരാടും”, “പാർലമെൻറ് കൊല്ലപ്പെട്ടു” എന്നിങ്ങനെ എഴുതിയിട്ടുള്ള പ്ലക്കാർഡുകളുമായിട്ടാണ് എംപിമാരുടെ സമരം.

ഇന്ന് രാവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ഷ് അവർക്ക് ചായ വാഗ്ദാനം ചെയ്തെങ്കിലും എംപിമാർ നിരസിച്ചു. ഡെപ്യൂട്ടി ചെയർമാനെ  “കർഷക വിരുദ്ധൻ” എന്നും പ്രതിഷേധക്കാർ വിശേഷിപ്പിച്ചു

കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് ശേഷവും എംപിമാര്‍ സഭ വിട്ടു പോകാത്തതിനെതിരെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 24 മുതല്‍ രാജ്യവ്യാപക സമരത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.