രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസും ശിവസേനയും

രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര,രാജസ്ഥാന്‍,കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. 18 സീറ്റുകളില്‍ ബി ജെ പി യും 8 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയമുറപ്പിച്ചിരിക്കുകയാണ്.

നിലവിലെ അംഗബലം അനുസരിച്ച് മഹാരാഷ്ട്രയില്‍ ശിവസേന -എന്‍ സിപി -കോണ്‍ഗ്രസ് സഖ്യത്തിന് മൂന്ന് അംഗങ്ങളെ വിജയിപ്പിക്കാം. ബിജെപിക്ക് രണ്ട് പേരെ രാജ്യസഭയിലെത്തിക്കാനുള്ള വോട്ടുകളാണ് ബിജെപിയുടെ കൈവശമുള്ളത്. എന്നാല്‍ മൂന്ന് പേരെയാണ് മത്സരത്തിന് നിര്‍ത്തിയിരിക്കുന്നത. ഒരംഗത്തെ വിജയിപ്പിക്കാന്‍ 42 വോട്ടാണ് ആവശ്യം. കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെച്ചും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം മുതലെടുത്തും ബിജെപി മുന്നേറിയതോടെയാണ് തിരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ആറാം സീറ്റിനായി ശിവസേനയും ബി ജെ പി യും തമ്മിലാണ് പോരാട്ടം. ഹരിയാനയില്‍ ഒരു സീറ്റ് ഉറപ്പിച്ച ബി ജെ പി കോണ്‍ഗ്രസിന് സാധ്യതയുള്ള ഒരു സീറ്റ് കൂടി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ജയിക്കാന്‍ വേണ്ട കൃത്യം 31 വോട്ടാണ് കോണ്‍ഗ്രസിനുള്ളത്. രാജസ്ഥാനില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിനുറപ്പാണ്. ഒരു സീറ്റ് ഉറപ്പിച്ച ബി ജെ പി കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സീറ്റ് പിടിക്കാനും ശ്രമിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ശിവസേനയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. യുപി, ബീഹാര്‍, പഞ്ചാബ്, ഒഡീഷ മധ്യപദേശ് ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെ ബാക്കി 11 സംസ്ഥാനങ്ങളില്‍ മത്സരമില്ല.