രാജ്യസഭാ തിരഞ്ഞെടുപ്പ്; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാൻ ഒരുങ്ങി രാജസ്ഥാന്‍ കോണ്‍ഗ്രസ്

രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ തയ്യാറെടുത്ത് രാജസ്ഥാനിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ നടന്ന ഉദയ്പൂരിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്ക് അകതത്തും പുറത്തുമുള്ള എംഎല്‍എമാരുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിക്കുന്നതിന്് വേണ്ടിയാണ് കോണ്‍ഗ്രസ് റിസോര്‍ട്ട് രാഷ്ട്രീയം പയറ്റുന്നത്.

നിലവില്‍ ഭൂരിഭാഗം എംഎല്‍എമാരും ഉദയ്പൂരില്‍ തന്നെയുണ്ട്. ജൂണ്‍ 10നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ബിജെപി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബാരോണ്‍ എസ്സല്‍ എന്ന മീഡിയ ഗ്രൂപ്പിന്റെ മേധാവി സുബാഷ് ചന്ദ്ര സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. സുബാഷ് ചന്ദ്ര സ്ഥാനാര്‍ത്ഥിയായതോടെയാണ് രാജസ്ഥാനില്‍ മത്സരം കടുത്തത്. നാല് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തില്‍ അഞ്ചാമനാണ് സുഭാഷ് ചന്ദ്ര.

സുഭാഷ് ചന്ദ്രയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. മൂന്നാം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 15 വോട്ടുകള്‍ കൂടി കോണ്‍ഗ്രസിന് ആവശ്യമായിട്ടുണ്ട്. എന്നാല്‍ ബിജെപിക്ക് 11 വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂ. 13 സ്വതന്ത്ര എംഎല്‍എമാരാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്. ഇവരില്‍ 12 പേര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്.

രാജ്യസഭയിലേക്ക് 3 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ എത്തിക്കാന്‍ സ്വതന്ത്ര എംഎഎല്‍എമാരുടെ പിന്തുണ നിര്‍ണായകമാണ്. മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജോവാല, പ്രമോദ് തിവാരി എന്നിവരാണ് മത്സരിക്കുന്നത്. 200 അംഗങ്ങളാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്. അതില്‍ 108പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്.