“ഖജനാവ് നിറയ്ക്കാൻ മറ്റു വഴികൾ നോക്കുക”: മദ്യവിൽപ്പനയിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് രജനീകാന്ത്

തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ലോക്ക്ഡൗണിനും സാമൂഹിക അകലം സംബന്ധിച്ച ആശങ്കകൾക്കുമിടയിൽ മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാനും ഓൺലൈൻ വിൽപ്പന മാത്രം അനുവദിച്ചും കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച എ.ഐ.എ.ഡി.എം.കെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി സൂപ്പർ സ്റ്റാർ രജനീകാന്ത്.

“മദ്യവിൽപ്പനശാലകൾ വീണ്ടും തുറക്കുകയാണെങ്കിൽ, വീണ്ടും അധികാരത്തിലെത്താനുള്ള ആഗ്രഹം സർക്കാർ മറന്നേക്കുക,” രജനീകാന്ത് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ, ഡിഎംകെ മേധാവി എം കെ സ്റ്റാലിൻ എന്നിവരും മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു.

“ഖജനാവ് നിറയ്ക്കാൻ മറ്റു വഴികൾ നോക്കുക,” രജനീകാന്ത് പറഞ്ഞു.

തമിഴ്നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പന വിഭാഗമായ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനാണ് (ടാസ്മാക്) സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വിധി സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണെന്ന് അപ്പീലില്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മദ്യം വില്‍ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വില്‍പ്പനയും വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കലും പ്രായോഗികമല്ല. നിയമപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നശേഷമേ ഓണ്‍ലൈന്‍ വില്‍പ്പന സാധ്യമാവുകയുള്ളൂവെന്നും അപ്പീല്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പനയോ മദ്യം വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കലോ ആകാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.