രാജസ്ഥാനിൽ കോവിഡ് -19 ചികിത്സിക്കാൻ പന്നിപ്പനി, മലേറിയ, എച്ച്ഐവി മരുന്നുകൾ ഉപയോഗിച്ചു

പന്നിപ്പനി, മലേറിയ, എച്ച്ഐവി എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ രാജസ്ഥാനിലെ കുറഞ്ഞത് രണ്ട് കൊറോണ വൈറസ് രോഗികളുടെ ചികിത്സയ്ക്ക് സഹായിച്ചതായി സംസ്ഥാനത്തെ ഡോക്ടർമാരും ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28 ന് കൊറോണ വൈറസുമായി പ്രവേശിപ്പിക്കപ്പെട്ട ഒരു ഇറ്റാലിയൻ ദമ്പതികളെ ആൻറി വൈറൽ മരുന്നുകളുടെ സംയോജനത്തിലൂടെ ചികിത്സിക്കുന്നതിലെ പുരോഗതി ശ്രദ്ധയിൽപ്പെട്ടതായും “ഇപ്പോൾ ഇവർ സുഖം പ്രാപിക്കുന്നുണ്ടെന്നും” ജയ്പൂരിലെ സവായ് മാൻസിംഗ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നു.

“ആദ്യം അവർ മലേറിയ മരുന്ന് ക്ലോറോക്വിൻ, പന്നിപ്പനി മരുന്നുകളും പിന്നീട്, ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഉള്ള എച്ച്ഐവി മരുന്നുകളും ഉപയോഗിച്ചു. ഇത് പ്രവർത്തിക്കുന്നതായി തോന്നുന്നു, ”രാജസ്ഥാൻ ആരോഗ്യ സെക്രട്ടറി രോഹിത് സിംഗ് പറഞ്ഞു.

കൊറോണ വൈറസ് പിടിപെട്ടാൽ സുഖം പ്രാപിക്കുന്നതിന്റെ നിരക്ക് ഉയർന്നതാണെന്നും 3.4 ശതമാനം കേസുകളിൽ മാത്രമാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

എസ്എംഎസ് മെഡിക്കൽ കോളേജിൽ പ്രവേശിച്ച ഇറ്റാലിയൻ സ്ത്രീ രണ്ടാഴ്ചയോളം തുടർന്ന ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് നെഗറ്റീവ് ആയിരുന്നു, 69 വയസുള്ള ഇവരുടെ ഭർത്താവ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നിട്ടും ചികിത്സയോട് വളരെ നന്നായി പ്രതികരിച്ചു, അധികൃതർ പറഞ്ഞു.

രണ്ട് വർഷം മുമ്പ് രാജസ്ഥാനിൽ വ്യാപകമായി പടർന്നുപിടിച്ച പന്നിപ്പനി ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിലെ അനുഭവം ഉപയോഗപ്രദമായെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.

ബയോമെഡിക്കൽ ഗവേഷണത്തിന്റെ രൂപീകരണം, ഏകോപനം, ഉന്നമനം എന്നിവയ്ക്കുള്ള ഇന്ത്യയിലെ മുൻനിര സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) അവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട് – എന്നാൽ കൊറോണ വൈറസിന് ഇത് ശാസ്ത്രീയമായി സ്ഥാപിതമായ ചികിത്സാ രീതിയാണെന്ന് പറയാറായിട്ടില്ല അതിനായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണ്.

“69 വയസ്സുള്ള ഇറ്റാലിയൻ രോഗി ഫെബ്രുവരി 28 നാണ് റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം, ശ്വാസതടസ്സം, തുടങ്ങിയവ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് ആശങ്കാകുലരായിരുന്നു,” എസ്എംഎസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സുധീർ ഭണ്ഡാരി പറഞ്ഞു.

Read more

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ പന്നിപ്പനി കൈകാര്യം ചെയ്യുന്നു – ഇത് സമാനമായ ശ്വാസകോശ സംബന്ധിയായ ന്യുമോണിയയും മാരകമായ രോഗവുമാണ് – അതിനാൽ വൈറൽ ന്യുമോണിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം.അതിനാൽ ഈ രോഗികളോട് ഞങ്ങൾ സ്വീകരിക്കേണ്ട സമീപനം തീരുമാനിക്കുന്നതിനായി ഞങ്ങൾ ഒരു യോഗം ചേർന്ന്. ഞങ്ങൾ മെഡിക്കൽ പുസ്തകങ്ങൾ പരിശോധിച്ചു, കൃത്യമായ ഒരു സൂചന ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഒരേ മരുന്ന് ഉപയോഗിക്കാം – അതിൽ ഒന്ന് പന്നിപ്പനിക്കു നൽകുന്ന ഒസെൽറ്റമിവിർ ആണ്. ഒരു ആന്റി-മലേറിയ മരുന്നും മറ്റ് രണ്ട് മരുന്നുകളും ഞങ്ങൾ കൊറോണ വൈറസിനെതിരെ ഉപയോഗിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.