മതപരിവര്‍ത്തനത്തിന് സ്റ്റാമ്പ് പേപ്പര്‍ മാത്രം പോര, കളക്ടറോട് കാരണം പറയണം-രാജസ്ഥാന്‍ ഹൈക്കോടതി

മതപരിവര്‍ത്തനത്തിന് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 30 ദിവസം മുന്നേ വിവരം ജില്ലാ കളക്ടറെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പുര്‍ ബെഞ്ചിന്റെ ഉത്തരവ്.

ഒരു വ്യക്തിക്ക് മതം മാറണമെങ്കില്‍ ഒരു സ്റ്റാമ്പ് പേപ്പര്‍ വിളംബരം കൊണ്ടുമാത്രം നിയമ സാധുതയുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. മതം മാറാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ തങ്ങളുടെ പേര്, വിലാസം, മതമാറ്റത്തിന്റെ വിശദ്ധാംശങ്ങള്‍ എന്നിവയടക്കം എഴുതി ജില്ലാ കളക്ടര്‍ക്ക് നല്‍കണം. കളക്ടര്‍ ഇത് കളക്ട്രേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷ സമര്‍പ്പിച്ച് 21 ദിവസത്തിനകം കളക്ടറുടെ മുമ്പാകെ ഹാജരായി മതപരിവര്‍ത്തനത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇക്കാലയളവില്‍ ഉയരുന്ന എകതിര്‍പ്പുകള്‍ കളക്ടര്‍ രേഖപ്പെടുത്തും.

ഈ നടപടികള്‍ കൈക്കൊള്ളാതെ മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം അസാധുവായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പതിനൊന്ന് വര്‍ഷത്തോളമായി തീരുമാനമാകാതെ കിടക്കുന്ന രാജസ്ഥാന്‍ ധര്‍മ്മ സ്വാതന്ത്ര്യ ബില്‍ നടപ്പിലാകുന്നതുവരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. ജഡ്ജിമാരായ ജി.കെ.വ്യാസ്, വീരേന്ദ്ര കുമാര്‍ മാത്തൂര്‍ എന്നിവരുടെ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.