മഴ ദുരിതം ഉത്തരേന്ത്യയിൽ; 30 പേർ മരിച്ചു, യമുനാനദിയിൽ ജലനിരപ്പ് ഉയർന്നു, ഡൽഹിയിൽ ജാഗ്രതാനിർദേശം

തെക്കേ ഇന്ത്യയിൽ പരക്കെ നാശം വിതച്ച പേമാരിയും കാറ്റും ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരിതമായി പെയ്തറിങ്ങുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ ഇതിനകം 30 പേർ മരിച്ചു. 12 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. യമുനാനദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. ഹരിയാന, ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങിൽ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഇവിടെ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

യമുനയിലെ ജലനിരപ്പ് അപകട രേഖ മറികടന്നതോടെ ഹരിയാനയിലെ ഹാഥിനി കുണ്ട് അണക്കെട്ട് തുറന്നു വിട്ടു. പലയിടത്തും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് റോഡുകൾ തകർന്ന് കിടക്കുകയാണ്. ജലവൈദ്യുത പദ്ധതികളിൽ പലതിലും ഉത്പാദനം നിർത്തിവെച്ചു.

Read more

ഹിമാചൽ പ്രദേശിൽ നൂറു കണക്കിന് ടൂറിസ്റ്റുകൾ കുടുങ്ങി കിടക്കുന്നതാണ് റിപ്പോർട്ടുകളുണ്ട്. ബംഗാളിലെ പല മേഖലകളിലും കനത്ത മഴയുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.