രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം; വിവാദം കത്തിക്കാനുള്ള ബിജെപി ശ്രമത്തിന്റെ മുനയൊടിച്ച് ക്ഷേത്രം സെക്രട്ടറി

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സോംനാഥ് ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമത്തിന്റെ മുനയൊടിച്ച് ക്ഷേത്രം സെക്രട്ടറി. ക്ഷേത്ര സന്ദര്‍ശനം നടത്തിയ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് ബിജെപി പുതിയ വിവാദത്തിന് തിരികൊളുത്താനിരുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ പേരും ഒപ്പും ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അമ്പലം ട്രസ്റ്റ് സെക്രട്ടറി പികെ ലാഹരി പറഞ്ഞു.

ക്ഷേത്രത്തിന്റെ സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുടെ കയ്യില്‍ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്റര്‍ ഉണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധി ഈ രജിസ്റ്ററില്‍ ഒപ്പുവെച്ചിട്ടില്ല. രാഹുലിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയായിരിക്കാം രാഹുലിന്റെ പേര് അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുക. -ലാഹരി വ്യക്തമാക്കിയതായി ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അഹിന്ദുക്കള്‍ക്കുള്ള സന്ദര്‍ശക രജിസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹ്മദ് പട്ടേലിന്റെയും പേര് എഴുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇത് വ്യാജമാണെന്നും സോംനാഥ് ക്ഷേത്രത്തില്‍ ഒരു രജിസ്റ്റര്‍ മാത്രമാണുള്ളതെന്നും പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.