പരാജയ കാരണങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം, രാഹുല്‍ രാജി വെയ്ക്കേണ്ടതില്ലെന്ന അഭിപ്രായം യോഗത്തില്‍ ഉയരും

ജയപരാജയങ്ങള്‍ വിലയിരുത്തുന്ന തിരക്കിലാണ് എല്ലാ പാര്‍ട്ടികളും. കൂട്ടിയും കിഴിച്ചും പരാജയത്തിന്റെ കണക്കുകൂട്ടലുകള്‍ നടത്താതെ മറ്റ് വഴികളില്ലല്ലോ. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് പ്രാധാന്യമേറെയാണ്.

പരാജയത്തിന്റെ കാരണം ഏറ്റെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത കൂടി അറിയിച്ചതോടെ യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് ചൂട് കൂടും. തിടുക്കപ്പെട്ട് രാജി വെയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. പരാജയകാരണം രാഹുല്‍ മാത്രമല്ലെന്ന നിലപാടാണ് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും. അതുകൊണ്ട് തന്നെ അദ്ധ്യക്ഷ പദവി നില നിര്‍ത്തുന്നതിനെ കുറിച്ച് പ്രമേയം പാസാക്കാനാണ് സാധ്യതയും. പരാജയകാരണം പരിശോധിക്കുന്നതിന് സമിതി രൂപീകരിക്കുന്ന കാര്യവും യോഗത്തില്‍ ഉയര്‍ന്നു വരും.

Read more

ഇതിനിടയിടയിലാണ് മൂന്ന് പിസിസി അധ്യക്ഷന്‍മാര്‍ രാജി നല്‍കിയത്.  ഉത്തര്‍പ്രദേശിലെ പിസിസി അധ്യക്ഷന്‍ രാജ് ബബ്ബാറാണ് ആദ്യം രാജി കത്ത് നല്‍കിയത്. പിന്നാലെ കര്‍ണാടക, ഒഡിഷ സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാരും രാജി കത്ത് നല്‍കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ പരാജയങ്ങള്‍ യോഗം വിലയിരുത്തും. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് മധ്യപ്രദേശ് കൈവിട്ടു പോകാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. യുപിയില്‍ നേരിട്ട കനത്ത പ്രഹരം കണ്ടില്ലെന്ന് നടിക്കാന്‍ എന്തായാലും പാര്‍ട്ടിക്കാകില്ല. 2014-ലെ സ്ഥിതിവിശേഷത്തില്‍ നിന്നും അല്‍പ്പം ഉയര്‍ന്നുവെന്ന് പറയാമെങ്കിലും എന്‍ഡിഎയുടെ വന്‍ഭൂരിപക്ഷത്തിലുള്ള ജയം പാര്‍ട്ടിക്ക് വലിയ തിരിച്ചടി തന്നെയാണ്.