പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലേക്ക് മൂന്ന് നിര്‍ദ്ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലായിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയെന്നാരോപിച്ച് കഴിഞ്ഞ നവംബറില്‍ രാഹുല്‍ഗാന്ധി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ദോക്ലാമിലെ സൈനിക സാന്നിധ്യം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടതായിരുന്നു രാഹുലിന്റെ രണ്ടാമത്തെ നിര്‍ദ്ദേശം. അതിനിടെ, ഹരിയാനയില്‍ ഒരാഴ്ചയ്ക്കിടെ ആറുപേര്‍ ബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഹരിയാനയിലെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ജനുവരി 28 ന് പ്രക്ഷേപണം ചെയ്യുന്ന 2018 ലെ ആദ്യ മന്‍ കി ബാത്ത് പരിപാടിയിലേക്ക് ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നിങ്ങളുടെ ആശയങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തോട് പങ്കുവയ്ക്കുമെന്ന വാഗ്ദാനവും പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതിന് മറുപടിയുമായാണ് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്.