രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തരുതെന്ന് ഡി.എം.കെ; സോണിയയുമായി ചര്‍ച്ച നടത്തി എം.കെ സ്റ്റാലിന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെതിരെ യുപിഎയുടെ ഘടകകക്ഷിയും തമിഴ്‌നാട്ടിലെ പ്രതിപക്ഷവുമായ ഡിഎംകെയും രംഗത്ത്. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ രംഗത്തു വന്നത്. രാഹുല്‍ ഗാന്ധിയുമായും സോണിയയുമായും ഇതു സംബന്ധിച്ച് എം. കെ സ്റ്റാലിന്‍ സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തരുതെന്ന് സ്റ്റാലിന്‍ ഇരുവരോടും ആവശ്യപ്പെട്ടതായാണ് വിവരം. നേരത്തെ സിപിഎം, സിപിഐ നേതാക്കളും വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎയുടെ ഘടകകക്ഷിയായ ഡി എം കെ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നു രാവിലെ പറഞ്ഞിരുന്നു. രാഹുല്‍ വന്നില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി. വി പ്രകാശും പറഞ്ഞു. രാഹുല്‍ വന്നില്ലെങ്കില്‍ വയനാട്ടില്‍ ടി. സിദ്ദീഖ് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നില്ലെന്നും വി. വി പ്രകാശ് വ്യക്തമാക്കി.