പാര്‍ലമെന്റിലും നിയമസഭകളിലും മാത്രമല്ല എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റിലും, നിയമസഭകളിലും മാത്രമല്ല എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അധികം സ്ഥാപനങ്ങളെ അവര്‍ നയിക്കുന്നതോ അധികം സംസ്ഥാനങ്ങളെ നയിക്കുന്നതോ ഞാന്‍ കാണുന്നില്ല, ലോക്‌സഭയിലും അവരുടെ പ്രാതിനിധ്യം കുറവാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീ സംവരണ ബില്‍ പാസാക്കും, മാത്രമല്ല സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം സംവരണം കൊണ്ടുവരും’-രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ മെച്ചപ്പെട്ട രീതിയിലാണ് പരിചരിക്കപ്പെടുന്നതെന്നും എന്നാല്‍ സ്ഥിതി ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.