“ഇതുകൊണ്ടാണ് സത്യം ഇത്രയും നാൾ മറച്ചുവെച്ചത് ”: ബാങ്ക് തട്ടിപ്പ് നടത്തിയ പ്രമുഖരുടെ പേര് ആർ.ബി.ഐ വെളിപ്പെടുത്തിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി

ഇന്ത്യൻ ബാങ്കുകളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് വായ്പ തിരിച്ചടക്കുന്നതിൽ മനപ്പൂർവ്വം വീഴ്ച വരുത്തിയ 50 പേരുടെ പട്ടിക റിസർവ് ബാങ്ക് (ആർ‌ബി‌ഐ) പുറത്തുവിട്ടതിനെ തുടർന്ന് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണകക്ഷിയുടെ സുഹൃത്തുക്കൾ ഉൾപ്പെട്ടതിനാലാണ് ബിജെപി ഈ പട്ടിക പാർലമെന്റിൽ നിന്ന് ഇത്രയും നാൾ മറച്ചു വച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

“ഞാൻ പാർലമെന്റിൽ ഒരു ലളിതമായ ചോദ്യം ചോദിച്ചു – ഏറ്റവും വലിയ 50 ബാങ്ക് അഴിമതിക്കാരുടെ പേരുകൾ എന്നോട് പറയുക. ധനമന്ത്രി മറുപടി നൽകാൻ വിസമ്മതിച്ചു. ഇപ്പോൾ റിസർവ് ബാങ്ക് നീരവ് മോദി, മെഹുൽ ചോക്സി, ബിജെപിയുടെ മറ്റ് സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് അവർ പാർലമെന്റിൽ നിന്നും സത്യം മറച്ചുവെച്ചത്,” ഒരു വീഡിയോയ്‌ക്കൊപ്പം രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ആക്ടിവിസ്റ്റ് സാകേത് ഗോഖലെയുടെ വിവരാവകാശ അപേക്ഷയിലാണ് ആര്‍.ബി.ഐ. ഇന്ത്യന്‍ ബാങ്കുകളെ വഞ്ചിച്ച 50 പേരുടെ പട്ടിക പുറത്തുവിട്ടത്. ഇവരുടെ വായ്പകള്‍ എഴുതി തള്ളിയിട്ടുമുണ്ട്.

രാജ്യം വിട്ട വ്യവസായികളായ വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുടേതടക്കം 50 പേരുടെ 68,607 കോടി രൂപയുടെ വായ്പ മോദി സര്‍ക്കാര്‍ എഴുതി തള്ളിയതായി കോണ്‍ഗ്രസ് പറഞ്ഞു. 2014 മുതല്‍ 2019 സെപ്റ്റംബര്‍ വരെ 6.66 ലക്ഷം കോടി രൂപയുടെ വായ്പയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ എഴുതിത്തള്ളിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.