ബിജെപിയ്ക്കൊരു സിനിമാ ഫ്രാഞ്ചൈസിയുണ്ടെങ്കില്‍ അതിന് ‘ലൈ ഹാര്‍ഡ്’ എന്ന് പേര് നല്‍കാം: പരിഹാസവുമായി രാഹുല്‍ ഗാന്ധി

ബിജെപിയ്ക്കൊരു സിനിമാ ഫ്രാഞ്ചൈസിയുണ്ടെങ്കില്‍ അതിന് ലൈ ഹാര്‍ഡ് എന്ന് പേരിടാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നുണകള്‍ കൊണ്ട് കെട്ടിപൊക്കിയതാണ് ബിജെപി എന്നുള്ള രാഹുലിന്റെ ഇന്നലത്തെ വിമര്‍ശനത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഹോളിവുഡ് ചിത്രം ഡൈ ഹാര്‍ഡിനെ കൂട്ടുപിടിച്ചുള്ള ലൈ ഹാര്‍ഡ് വിമര്‍ശനം.

കഴിഞ്ഞ ദിവസം സ്റ്റാര്‍വാര്‍സ് സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ടൈംസ് നൗ ഉള്‍പ്പെടെയുള്ള ബിജെപി അനുകൂല ടെലിവിഷന്‍ ചാനലുകളും ബിജെപി നേതാക്കളും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഹോളിവുഡ് സിനിമ കവചമാക്കിയുള്ള രാഹുലിന്റെ പരിഹാസം.

2ജി സ്‌പെക്ട്രം കേസില്‍ വിധി വന്നതിന് പിന്നാലെയായിരുന്നു രാഹുല്‍ ബിജെപിക്കാര്‍ പ്രചരിപ്പിക്കുന്ന നുണകളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങിയത്. ബിജെപി പ്രചരിപ്പിച്ചുവന്ന നുണകള്‍ ഓരോന്നായി പൊളിഞ്ഞു വരികയാണെന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണങ്ങളില്‍ ഒന്ന്.

ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ, 2ജി, മോഡി മോഡല്‍ – അവരുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.