ജാലിയന്‍ വാലാബാഗ് : രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ‘സ്വാതന്ത്ര്യത്തിന്റെ വില ഒരിക്കലും വിസ്മരിക്കരുത്’

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഇന്ന് നൂറു വയസ് തികയുകയാണ്. ബ്രിട്ടന്റെ അതിക്രൂരമായ കൂട്ടക്കുരുതിയില്‍ ജീവന്‍ വെടിഞ്ഞ രക്തസാക്ഷികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദരാജ്ഞലി അര്‍പ്പിച്ചു. അമൃതസറിലെ ജാലിയന്‍വാലാ ബാഗ് നാഷണല്‍ സ്മാരകം സന്ദര്‍ശിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യത്തിന്റെ വില ഒരിക്കലും വിസ്മരിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും അദ്ദേഹത്തെ അനുഗമിച്ചു.

‘സ്വാതന്ത്ര്യത്തിന്റെ വില ഒരിക്കലും മറന്നുപോകരുത്. നമുക്ക് എല്ലാം നല്‍കിയ ഇന്ത്യയിലെ ജനങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ജയ് ഹിന്ദ്’, സ്മാരകത്തിലെത്തുന്ന സന്ദര്‍ശകരുടെ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.

1919 ഏപ്രില്‍ 13നാണ് അമൃത്സറിനടുത്തുള്ള ജാലിയന്‍ വാലാബാഗ് മൈതാനിയില്‍ കൂട്ടക്കുരുതി നടത്തിയത്. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഇ.എച്ച്. ഡയര്‍ ആണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത്. ഡയര്‍ നല്‍കിയ ഫയര്‍ ഉത്തരവില്‍ 379 പേര്‍ കൊല്ലപ്പെടുകയും 1,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം ഇന്ത്യയുടെ കണക്കില്‍ ആയിരം കവിയും.