രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസില്‍ എത്തി. ഇഡിയുടെ ചോദ്യെ ചെയ്യല്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ജന്തര്‍മന്ദര്‍, എഐസിസി ആസ്ഥാനം എന്നിങ്ങനെ പലയിടങ്ങളിലും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പ്രതിഷേധത്തെ ചെറുക്കുന്നതിന് വേണ്ടി എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍മന്ദിറിലേക്കുമുള്ള വഴികള്‍ ഡല്‍ഹി പൊലീസ് അടച്ചിരിക്കുകയാണ്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. എംപിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തടയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. ജന്തര്‍ മന്ദറിലെ സമരവേദിയിലേക്ക് കനയ്യകുമാര്‍ എത്തി.

എഐസിസി ആസ്ഥാനത്തേക്കുള്ള വഴികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വൈകിട്ട് അഞ്ചുമണി കഴിഞ്ഞേ ബാരിക്കേഡുകള്‍ മാറ്റൂവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്ന്. നേരത്തെ ജൂണ്‍ 13, 14, 15 തീയതികളില്‍ രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 30 മണിക്കൂറോളമായിരുന്നു മൂന്ന് ദിവസങ്ങളിലായി അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ രാഹുലില്‍ നിന്നും ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു വെള്ളിയാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയത്.

സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാലാം വട്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.രാഹുലിനും സോണിയയ്ക്കുമെതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് യംഗ് ഇന്ത്യ എന്ന പേരില്‍ നിഴല്‍ കമ്പനി തട്ടിക്കൂട്ടി എന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാതി. 90 കോടി രൂപ കടത്തില്‍ മുങ്ങി നില്‍ക്കവെയായിരുന്നു ഇരുവരും ചേര്‍ന്ന് പത്രം ഏറ്റെടുത്തത്. പത്രം ഏറ്റെടുത്ത ഇടപാട് അഴിമതിയും വഞ്ചനയുമാണെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം.