'ചൂടുവസ്ത്രം വാങ്ങാന്‍ ശേഷിയില്ലാത്ത കര്‍ഷകരോടും തൊഴിലാളികളോടും പാവം കുട്ടികളോടും നിങ്ങൾ ഈ ചോദ്യം ചോദിക്കുമോ?'; കൊടുംതണുപ്പില്‍ ടീഷര്‍ട്ട് മാത്രമിട്ട് രാഹുല്‍

ഉത്തരേന്ത്യ കൊടുംതണുപ്പില്‍ വിറയ്ക്കുമ്പോഴും ജോഡോ യാത്രയില്‍ വെറുമൊരു ടീഷര്‍ട്ട് മാത്രം ധരിച്ച് പങ്കെടുത്ത് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച അതിരാവിലെ വിവിധസ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോഴും രാഹുല്‍ ധരിച്ചത് ടീഷര്‍ട്ടും പാന്റും മാത്രമായിരുന്നു. സ്മാരകങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ രാഹുല്‍ ചെരിപ്പും ധരിച്ചിരുന്നില്ല.

ഈ കൊടുംതണുപ്പില്‍ ഇതെങ്ങനെ സാധിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ചൂടുവസ്ത്രം വാങ്ങാന്‍ ശേഷിയില്ലാത്ത കര്‍ഷകരോടും തൊഴിലാളികളോടും പാവം കുട്ടികളോടും നിങ്ങളീ ചോദ്യം ചോദിക്കുമോ?’ എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം.

ഇതുവരെ ഞാന്‍ 2800 കിലോമീറ്റര്‍ സഞ്ചരിച്ചു. ഞാന്‍ കരുതുന്നത് അതു വലിയകാര്യമല്ലെന്നാണ്. കര്‍ഷകര്‍ ഒരുദിവസം ഒരുപാട് നടക്കുന്നു. അതുപോലെ ഫാംതൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും. ഇന്ത്യമുഴുവന്‍ അങ്ങനെയാണ്- രാഹുല്‍ പറഞ്ഞു

യാത്ര ഇപ്പോള്‍ ഡല്‍ഹിയിലാണ് പ്രയാണം. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍ കൊടിയ തണുപ്പിലും വെറും ടീഷര്‍ട്ട് മാത്രമാണ് ഇപ്പോഴും രാഹുല്‍ ധരിക്കുന്നത്.