രാഹുല്‍ഗാന്ധി അറസ്റ്റില്‍

വിലക്കയറ്റത്തിന് എതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും എം പിമാരെ വലിച്ചിഴച്ച് നീക്കുകയുമായിരുന്നു. സമാധാന പൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് ശ്രമിച്ചതെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. പൊലീസിന് ബലം പ്രയോഗം തുടരാം. പക്ഷേ തങ്ങള്‍ ഭയപ്പെടില്ല. കായികമായി നേരിട്ടാലും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read more

കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് ജന്തര്‍ മന്തര്‍ ഒഴികെ ഡല്‍ഹിയിലെ എല്ലാ സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെന്നും ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഐസിസി ആസ്ഥാനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനം പൊലീസും കേന്ദ്ര സേനകളും വളയുകയും പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.