റോഡ്‌ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി; റിപ്പോര്‍ട്ടറുടെ ഷൂസും കൈയിലേന്തി അനുഗമിച്ച് പ്രിയങ്ക; നെഹ്‌റു കുടുംബത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയ

Advertisement

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്നു വീണ്  മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.

എന്നാല്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സില്‍ കയറ്റാനും ശുശ്രൂഷിക്കാനും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ ഉടനെ സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുലും പ്രിയങ്കയും ഇവര്‍ക്ക് അരികിലേക്കെത്തി വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ അനുഗമിക്കുകയും ചെയ്തു. കൂടുതല്‍ പരിക്കേറ്റ ഇന്ത്യ എഹഡ് മാധ്യമപ്രവര്‍ത്തകനെ സ്ട്രക്ചറില്‍ എടുത്ത് കയറ്റാന്‍ രാഹുല്‍ ഗാന്ധിയും സഹായിച്ചു. ആ സമയത്ത് മാധ്യമപ്രവര്‍ത്തകന്റെ ഷൂസും കൈയിലെടുത്ത് പ്രിയങ്ക ആംബുലന്‍സിനടുത്തേക്ക് അനുഗമിച്ചു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പരിക്കേറ്റവരെ സഹായിക്കുന്നതും പ്രിയങ്ക ഷൂസ് കൈയിലെടുത്ത് നടക്കുന്നതും അടക്കമുള്ള വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് ജോയ് ആണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഷൂ ഒരു പ്രാവശ്യം പ്രിയങ്കയുടെ കൈയില്‍ നിന്നും താഴെ വീഴുന്നതും അവര്‍ വീണ്ടും അത് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രാഹുലിനും പ്രിയങ്കയ്ക്കും നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയയിലൂടെ കിട്ടുന്നത്.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടയിൽ പരിക്ക് പറ്റിയ മാധ്യമ പ്രവർത്തകനെ ഹോസ്പിറ്റലിലേക്ക് നീക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി…മാധ്യമ പ്രവർത്തകന്റെ ഷൂസും കൈയിൽ പിടിച്ചു അനുഗമിക്കുന്ന പ്രീയങ്ക ഗാന്ധി…

Posted by Adv VS Joy on Thursday, 4 April 2019