സാമ്പത്തിക രംഗത്തെ ബി.ജെ.പി സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി രാഹുൽ ഗാന്ധിയുടെ രാജ്യവ്യാപക യാത്ര

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉടൻ തന്നെ രാജ്യവ്യാപകമായി രാഷ്ട്രീയ യാത്ര ആരംഭിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്നതിനും പൗരത്വ നിയമങ്ങളിൽ പ്രതിഷേധിച്ച് ബിജെപിക്കെതിരായ ആക്രമണം തുടരുന്നതിനും വേണ്ടിയാണിത്.

പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) ജനുവരി 11- ന് നടന്ന അവസാന യോഗത്തിലാണ് ഇത് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

49- കാരനായ രാഹുൽ ഗാന്ധി തന്റെ യാത്രയിൽ കർഷകർ, ഗോത്രവർഗക്കാർ, ഗ്രാമീണ തൊഴിലാളികൾ, ചെറുകിട-ഇടത്തരം വ്യാപാരികൾ, വ്യവസായികൾ, പ്രൊഫഷണലുകൾ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഉന്നയിക്കും.

പൗരത്വ നിയമത്തിനും എൻ‌ആർ‌സിക്കും എതിരായ പ്രതിഷേധം നിലനിർത്തുന്നതിന് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് യാത്ര നടത്താൻ ഒരുങ്ങുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടൊപ്പം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും സാധാരണക്കാർ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും ഉള്ള ചർച്ച തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും രാഷ്ട്രീയ യാത്ര നടത്തുന്നതിന് കാരണമാണ്.

എന്നാൽ അതിനുമുമ്പ്, രാഹുൽ ഗാന്ധി യുവ ആക്രോശ്റാലി നടത്തുകയും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളിൽ രാജ്യത്തുടനീളമുള്ള യുവാക്കളുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയും ചെയ്യും.

ജനുവരി 28 ന് ജയ്പൂരിൽ നടക്കുന്ന സംവേദനാത്മക സെഷനോടെ ഈ പരിപാടി ആരംഭിക്കും, ഇതിൽ രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക സ്ഥിതി കാരണം യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധി സമാനമായ ഇടപെടലുകൾ നടത്തും. ജനുവരി 30 ന് വയനാട്ടിലെ കൽപറ്റയിൽ നടക്കുന്ന പൗരത്വ നിയമ വിരുദ്ധ റാലിക്കും രാഹുൽ ഗാന്ധി നേതൃത്വം നൽകും.